ചാത്തന്നൂർ: കെ എസ്ആർടിസിയുടെ ദീർഘദൂര സർവീസുകളിൽ ചിലർ റിസർവേഷൻ ടിക്കറ്റുകൾ മറിച്ചു വിറ്റ് തട്ടിപ്പു നടത്തുന്നതായി ഗതാഗത മന്ത്രി വ്യക്തമാക്കി. ചെറിയ വിഭാഗം കണ്ടക്ടർമാരാണ് ഇത്തരം തട്ടിപ്പു നടത്തുന്നത്.
യാത്രക്കാരിൽ നിന്നും ടിക്കറ്റിന്റെ പണം ഈടാക്കിയ ശേഷം ടിക്കറ്റ് നല്കാതെയും തട്ടിപ്പ് നടത്തുന്നു. പരിശോധനയ്ക്ക് ബസിൽ കയറിയ കെ എസ് ആർ ടി സി യുടെ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും പണം വാങ്ങിയ ശേഷം ടിക്കറ്റ് നല്കാതെ തട്ടിപ്പു നടത്തിയ അനുഭവമുണ്ടായെന്നും ഗതാഗത വകുപ്പുമന്ത്രി കെ.ബി. ഗണേശ് കുമാർ അറിയിച്ചു.
അന്ത:സംസ്ഥാന റൂട്ടുകളിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലും അരങ്ങേറുന്നത്. പണം അടച്ച് ടിക്കറ്റ് റിസർവ് ചെയ്യുന്ന യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യം നിമിത്തം യാത്ര ചെയ്യാൻ കഴിയാതെ വരും. ആസീറ്റ് ഒഴിവായി കിടക്കും. ആ റിസർവേഷന്റെ മറവിൽ മറ്റ് യാത്രക്കാരെ കയറ്റുകയും അവരിൽ നിന്നും ടിക്കറ്റ് നല്കാതെ ടിക്കറ്റിന്റെ പണം വാങ്ങുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി.
പണം അടിച്ചു മാറ്റുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ജീവനക്കാർക്കും യാത്രക്കാർക്കും നല്കിയ സന്ദേശത്തിൽ മന്ത്രി അറിയിച്ചു. ഇത്തരക്കാർക്ക് വേണ്ടി ജനപ്രതിനിധികളോ പ്രമുഖവ്യക്തികളോ ഇടപെട്ടാൽ മാനേജ്മെന്റ് ചെവി കൊടുക്കില്ല. യാത്രക്കാർ നിർബന്ധമായും ടിക്കറ്റും ബാക്കിയും വാങ്ങിച്ചിരിക്കണം.
ടിക്കറ്റിലെ സ്ഥലവും സമയവും വ്യക്തമായി പരിശോധിക്കുകയും വേണം. ടിക്കറ്റ് അതേ ബസിലെ അതേ സമയത്തേത് ആണോ എന്ന് ആധികാരികത ഉറപ്പുവരുത്തണം. മൂന്ന് മാസത്തിനകം പൂർണമായും കമ്പ്യൂട്ടർവൽക്കരിക്കുമെന്നും ഗുഗിൾ പേ തുടങ്ങി എല്ലാവിധ കാർഡുകളും ബസിൽ ഉപയോഗിക്കാൻ അതോടെ കഴിയുമെന്നും ബാലൻസ് പ്രശ്നം ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
- പ്രദീപ് ചാത്തന്നൂർ