തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഇലക്ട്രിക് ബസുകള്ക്കാവുമോ ? നാലുമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ കഴിയുന്ന ഇലക്ട്രിക് ബസ് നാളെ തിരുവനന്തപുരത്ത് ഓടിത്തുടങ്ങും. ഹൈദരാബാദില്‍നിന്ന് വാടകയ്ക്കെടുത്തിരിക്കുന്ന ഈ ബസ് വിജയമെന്ന് കണ്ടാല്‍, 150 ബസുകള്‍കൂടി വാടകയ്ക്കെടുത്ത് ഓടിക്കാനാണ് കെഎസ്ആര്.ടിസി. തയ്യാറെടുക്കുന്നത്. 15 ദിവസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ ബസ് ഓടിക്കുക.
ലോഫ്ളോര്‍ ബസ്സുകളുടെ അതേ നിരക്കിലാകും ഈ എ.സി. ബസ്സുകളും ഓടുക. ഹൈദാബാദിലുള്ള ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ആണ് ബസുകള്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ബിവൈഡി എന്ന ചൈനീസ് കമ്പനി നിര്‍മ്മിക്കുന്ന ബസിന് ഇന്ധനം വേണ്ടെന്നു മാത്രമല്ല, മറ്റ് ഡീസല്‍ ബസുകളെക്കാള്‍ ശബ്ദവും കുറവാണ്. നിരത്തിലൂടെ നിശബ്ദമായി കുതിക്കുന്ന ഈ ബസ് ഭാഗ്യം കൊണ്ടുവരുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ. മുമ്പ് സ്കാനിയ വാടകയ്ക്ക് എടുത്ത് നടത്തിയ സര്‍വീസ് കെഎസ്ആര്‍ടിസിയ്ക്ക് കനത്ത നഷ്ടമാണ് വരുത്തി വച്ചത്.
എങ്കിലും, മാറുന്ന കാലത്തിനനുസരിച്ച് മോടികൂട്ടാതെ തരമില്ലെന്ന അവസ്ഥയിലാണ് കേരളത്തിന്റെ ഔദ്യോഗിക പൊതുയാത്രാവിഭാഗം. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളോടും കര്‍ണാടക ആര്‍ടിസി. ബസുകളോടും മത്സരിക്കുന്നതിന് പുതിയ തരത്തിലുള്ള വാഹനങ്ങളെ ആശ്രയിക്കാതെ മറ്റു മാര്‍ഗങ്ങളില്ല. ചാര്‍ജ് ചെയ്യുന്നത് ലാഭകരമാവുകയാണെങ്കില് ഭാവിയില്‍ സോളാര്‍ എനര്‍ജി ഉപയോഗിച്ച് ബസ് ഓടിക്കാനും സാധിക്കും. ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ബസിന് കിലോമീറ്ററിന് 45 രൂപ നിരക്കിലാണ് കെഎസ്ആര്‍ടിസി വാടകയ്ക്കെടുക്കുന്നത്. കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ വരുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ചാര്‍ജിംഗ് പോയന്റ് തയ്യാറാക്കാനും നടപടിയായിട്ടുണ്ട്.
മണിക്കൂറില്‍ 70 കിലോമീറ്റര്‍വരെ വേഗത്തില്‍ കുതിക്കുന്ന ഈ ബസില്‍ മുന്നിലും പിന്നിലും എയര്‍ സസ്പെന്‍ഷനുള്ളതിനാല്‍ സുഖകരമായ യാത്ര സാധിക്കും. പുഷ്ബാക്ക് സീറ്റും നാവിഗേഷനും സിസിടിവി ക്യാമറയുമുണ്ട്. സുഖകരമായ യാത്ര സമ്മാനിക്കുന്ന ഇലക്ട്രിക് ബസുകളെ കേരളത്തിലെ യാത്രക്കാര്‍ സ്വീകരിക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ. പെട്രോള്‍, ഡീസല്‍ വില അനുദിനം കൂടുന്ന സാഹചര്യത്തിലാണ് കാര്യങ്ങള്‍ ഇലക്ട്രിക് ബസുകളിലേക്കെത്തിയത്.
ഡീസല്‍, സിഎന്‍ജി ബസ്സുകളേക്കാള്‍ റണ്ണിങ് കോസ്റ്റ് കുറവാണെന്നതും പുക മലിനീകരണം ഇല്ലെന്നതും ഇ-ബസുകളുടെ പ്രത്യേകതയാണ്. ശബ്ദരഹിതവും എസിയുമായിരിക്കും ബസ്സുകള്‍. 40 പുഷ്ബാക്ക് സീറ്റുകള്‍, ആധുനിക സുരക്ഷ, സിസിടിവി ക്യാമറ, ജിപിഎസ്, എന്റര്ടെയ്ന്മെന്റ് സിസ്റ്റം എന്നിവയുമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ എഎസ്ആര്‍ടിയുവിന്റെ റേറ്റ് കരാര്‍ ഉള്ള ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് തലസ്ഥാനത്തും ട്രയല്‍ റണ്‍ നടത്തുന്നത്. കര്‍ണാടകം, ആന്ധ്ര, ഹിമാചല്‍, മഹാരാഷ്ട്ര, തെലങ്കാന എന്നിവടങ്ങളില്‍ ഇലക്ട്രിക് ബസ് ഓപ്പറേറ്റ് ചെയ്യുന്നതും ഇവരാണ്. പരീക്ഷണ ട്രിപ്പുകള്‍ വിജയിച്ചാല്‍ മുന്നൂറോളം വൈദ്യുത ബസുകള്‍ ഇവിടെയും നടപ്പാക്കാനാകും. ഡീസല്‍ ബസുകള്‍ ക്രമേണ കുറയുകയും ചെയ്യുമെന്നും സിഎംഡി അറിയിച്ചു.
വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആര്‍ടിസി നല്കുമ്പോള് ബസിന്റെ മുതല്‍മുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉള്‍പ്പെടെയുള്ളവ കരാര്‍ ഏറ്റെടുക്കുന്ന കമ്പനി വഹിക്കും. പദ്ധതിക്കുള്ള രൂപരേഖയും ടെന്‍ഡറും തയാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പുണെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ടിനെ ചുമതലപ്പെടുത്തും. ഇ-ബസുകള്‍ വാങ്ങി സര്‍വീസ് നടത്തുന്നത് വന്‍ ബാധ്യതയാകുമെന്നതിനാലാണ് ബസുകള്‍ വാടകയ്ക്കെടുക്കാമെന്ന് ധാരണയായത്.