പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ശബരിമല മണ്ഡല കാല തീർഥാടനത്തിന് വിപുലമായ യാത്രാസൗകര്യം ഒരുക്കി കെ എസ് ആർ ടി സി. കോവിഡ് കാലത്തിന് ശേഷമുള്ള ആദ്യ തീർഥാടന കാലമായതിനാൽ പരമാവധി വരുമാനം നേടുകയാണ് ലക്ഷ്യം.
ഇതിനായി ശബരിമല പുളിലേയ്ക്ക് 200 ബസുകൾ അനുവദിച്ചിട്ടുണ്ട്. വിവിധ ഡിപ്പോകളിൽ നിന്നാണ് ബസുകൾ പമ്പയിലേയ്ക്ക് വിട്ടുകൊടുക്കുന്നത്.
ഇതിൽ ഏറെയും ജൻറം ബസുകളായിരിക്കും. പമ്പയിൽ നിന്നുള്ള സർവീസുകളുടെ മേൽനോട്ട ചുമതലയും നിയന്ത്രണവും സ്റ്റാഫ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡി. ഷിബു കുമാർ , ഡി റ്റി ഒ ഷാജു ലോറൻസ് എന്നിവർക്കായിരിക്കും.
നിലയ്ക്കൽ നിന്നും പമ്പയിലേയ്ക്ക് കണ്ടക്ടർ ഇല്ലാത്ത ബസുകൾ ഓടിക്കുന്നതിനെക്കുറിച്ചും പരിഗണിക്കുന്നുണ്ട്. നിലക്കൽ വച്ചു തന്നെ പമ്പയിലേയ്ക്കുള്ള യാത്രക്കാർക്ക് ടിക്കറ്റ് നല്കി ബസ് പുറപ്പെടുക.
ഇടയ്ക്ക് നിർത്തി തീർത്ഥാടകരെ കയറ്റേണ്ട ആവശ്യമില്ല. തീർത്ഥാടകർ ഇറങ്ങുകയും വേണ്ട എന്ന രീതിയിലാണ് ആലോചനകൾ. പമ്പയിൽ നിന്നും തിരികെയും ഈ രീതിയായിരിക്കും പരീക്ഷിക്കുന്നത്.
നിലയ്ക്കൽ സ്റ്റേഷനിലും പമ്പയിലും ഇതിനായി കണ്ടക്ടർ വിഭാഗം ജീവനക്കാരെ പ്രത്യേകം നിയമിക്കും. ഇവർ ബസിൽ ഡ്യുട്ടി ചെയ്യേണ്ടതില്ല. പമ്പയിലേക്കുള്ള ബസുകൾ പുറപ്പെടാനൊരുങ്ങുമ്പോൾ ടിക്കറ്റ് നല്കിയാൽ മതി.
നിലയ്ക്കൽ പമ്പ ചെയിൻ സർവീസുകൾ ആയിരിക്കും. പമ്പ- ത്രിവേണി സർവീസുകളും നടത്തും. ചെങ്ങന്നൂർ ,പത്തനംതിട്ട , എരുമേലി, കോട്ടയം, കൊട്ടാരക്കര, കുമളി, തിരുവനന്തപുരം സിറ്റി, എറണാകുളം, കായംകുളം എന്നീ ഡിപ്പോകളിൽ നിന്നും ആവശ്യാനുസരണം സർവീസ് നടത്തണം.
40 യാത്രക്കാർ ഉണ്ടെങ്കിൽ പ്രത്യേക സർവീസ് നടത്തും. 40 യാത്രക്കാർ ഒന്നിച്ച് റിസർവ്ചെയ്താൽ ആയാത്രക്കാരെ 10 കിലോമീറ്ററിനുള്ളിലെത്തി യാത്രാസൗകര്യമൊരുക്കും.
പത്ത് പേരിലധികമുള്ള യാത്രാസംഘങ്ങൾക്ക് പത്ത് ദിവസം മുമ്പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.