പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസി കഴിഞ്ഞ ഡിസംബർ മാസത്തിൽ റിക്കാർഡ് വരുമാനം നേടിയെങ്കിലും ജീവനക്കാരുടെ ശമ്പളം അനിശ്ചിതത്വത്തിൽ.
ജനുവരിയിലെ ആദ്യ പത്ത് ദിവസങ്ങൾ കഴിഞ്ഞെങ്കിലും എന്ന് ശമ്പളം നല്കാൻ കഴിയുമെന്ന് മാനേജ്മെന്റിന് ഒരു പിടിയുമില്ല. സർക്കാർ സഹായത്തിന് വേണ്ടി കാത്തിരിക്കുകയാണ്. പക്ഷേ സംസ്ഥാന ധനകാര്യ വകുപ്പ് ഇനിയും കണ്ണു തുറന്നിട്ടില്ല.
ഡിസംബർ മാസത്തെ ടിക്കറ്റ് വരുമാനം 225 കോടിയിലധികമാണ്. ശബരിമലമണ്ഡലകാലമായിരുന്നതിനാൽ വരുമാനത്തിൽ വൻ വർദ്ധനയായിരുന്നു.
ശബരിമലയിലെ വരുമാനത്തിന്റെ കൃത്യമായ കണക്കുകൾ ചീഫ് ഓഫീസിൽ എത്തുമ്പോൾ വരുമാനം ഇതിലുമേറെ വരും. 225 കോടി എന്നത് തന്നെ റെക്കോർഡ് വരുമാനമാണെന്ന് കെ എസ് ആർ ടി സി ഫിനാൻസ് വിഭാഗം വ്യക്തമാക്കുന്നു.
വരുമാനത്തിലുമേറെ അധികരിച്ച ചിലവുകളാണ് ശമ്പളത്തിന് തുക നീക്കിവയ്ക്കാൻ കഴിയാത്തതിന് കാരണമെന്നാണ് വിശദീകരണം.
ശമ്പള വിതരണത്തിനായി സർക്കാരിനോട് പതിവു പോലെ സഹായം ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമാണ് സർക്കാർ അനുവദിച്ചത്.
ഈ തുക ഇതുവരെ ധനകാര്യ വകുപ്പ് കൈമാറിയിട്ടില്ല. ഈ തുക അപര്യാപ്തമായതിനാൽ വീണ്ടും 20 കോടി കൂടി ആവശ്യപ്പെട്ടിരിക്കയാണ്.
അധികമായി ചോദിച്ച 20 കോടി രൂപയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. അനുവദിച്ച 30 കോടിയും വീണ്ടും ആവശ്യപ്പെട്ട 20 കോടിയും കിട്ടിയാൽ മാത്രമേ ശമ്പള വിതരണം സാധ്യമാവുകയുള്ളൂ എന്ന് ഫിനാൻസ് വിഭാഗം പറഞ്ഞു.
കഴിഞ്ഞ വർഷം ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ എല്ലാ മാസവും അഞ്ചിന് മുമ്പായി ശമ്പളം നല്കാം എന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മാനേജ്മെന്റ് ഉറപ്പു നല്കിയതാണ്.
എല്ലാ മാസവും 5 – ന് മുമ്പ് ശമ്പളം വിതരണം ചെയ്യണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശവുമുണ്ട്. പക്ഷേ ശമ്പള വിതരണം മാത്രം കൃത്യസമയത്ത് നടക്കുന്നില്ല.