ശബരിമല: പമ്പ-ത്രിവേണി സര്‍ക്കുലര്‍ സര്‍വീസ് നിറുത്താന്‍ കെഎസ്ആര്‍ടിസി നീക്കം. ഇതിന്റെ ആദ്യപടിയായി ഇന്നലെ ഈ സെക്ടറില്‍ സര്‍വീസ് നടത്തിയില്ല. സര്‍വീസിനുവേണ്ടി ക്രമീകരിച്ചിരുന്ന മൂന്നു മിനിബസുകളും നിലയ്ക്കല്‍-പമ്പ റൂട്ടിലാണ് ഓടിയത്. ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന തീര്‍ഥാടകര്‍ക്ക് ദീര്‍ഘദൂര ബസുകളില്‍ ഇരുന്നു സഞ്ചരിക്കണമെങ്കില്‍ പമ്പയിലുള്ള സ്റ്റാന്‍ഡുവരെ നടന്നുപോകണം.
ഇത് ഒഴിവാക്കാനാണ് ത്രിവേണിയില്‍നിന്നു പമ്പയിലേക്ക് കുറേ വര്‍ഷങ്ങളായി സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഈ സര്‍വീസില്‍ പത്തുരൂപയായിരുന്നു ടിക്കറ്റ് ചാര്‍ജ്. ടിക്കറ്റ് ചാര്‍ജ് അധികമാണെന്നു കാണിച്ച് ചില സംഘടനകളും വ്യക്തികളും മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് കേസെടുക്കുകയും കെഎസ്ആര്‍ടിസിയോടു വിശദീകരണം ചോദിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സര്‍വീസ് നിറുത്തിവയ്ക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചതെന്ന് അറിയാന്‍ കഴിയുന്നത്.