കോട്ടയം: ശബരിമല തീർഥാടനകാലം ആരംഭിച്ച് ഒരാഴ്ച പിന്നിടുന്പോൾ റിക്കാർഡ് വരുമാനവുമായി കോട്ടയം കെഎസ്ആർടിസി ഡിപ്പോ. കഴിഞ്ഞ വർഷം തീർഥാടനകാലം ആരംഭിച്ച ഒരാഴ്ച പിന്നിടുന്പോൾ 12 ലക്ഷം രൂപയായിരുന്നു കളക്ഷൻ ഇനത്തിൽ ഡിപ്പോയ്ക്കു ലഭിച്ചിരുന്നത്. എന്നാൽ ഇത്തവണ 20ലക്ഷത്തിനു മുകളിലാണ്് കളക്ഷൻ ലഭിച്ചിരിക്കുന്നത്.
തീർഥാടനകാലം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ 25 ബസുകളാണു പന്പയിലേക്കു സർവീസ് നടത്തിയിരുന്നതെങ്കിൽ പീന്നിടു കോട്ടയം ഡിപ്പോയ്ക്കു അഞ്ചു ബസുകൾ കൂടി ലഭിച്ചു. ഇപ്പോൾ ദിവസവും 30 ബസുകളാണു പന്പയിലേക്കു കോട്ടയം ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്നത്. ഇതിൽ 25 കെഎസ്ആർടിസി ബസുകളും അഞ്ചു കെയുആർടിസി നോണ് എസി ബസുകളും ഉൾപ്പെടുന്നു. ദിവസവും ഏതാണ്ട് 75ൽപ്പരം സർവീസുകളാണു കോട്ടയം ഡിപ്പോയിൽ നിന്നും പന്പയിലേക്കു നടത്തുന്നത്.
ചില സമയങ്ങളിൽ തീർഥാടകരുടെ തിരക്ക് വർധിക്കുന്ന അവസരത്തിൽ മറ്റ് റൂട്ടുകളിലേക്കു സർവീസ് നടത്തുന്ന ബസും പന്പയിലേക്കു സർവീസിനു അയയ്ക്കാറുണ്ട്. ഇത്തരത്തിൽ അയയ്ക്കുന്ന ബസുകളുടെ കളക്ഷൻ അതാതു ഡിപ്പോയിലേക്കാണു പോകുന്നത്. അതിനാൽ ഈ തുക കോട്ടയം ഡിപ്പോയുടെ കളക്ഷനിൽ ഉൾപ്പെടുത്താൻ സാധിക്കില്ല.
കോട്ടയത്ത് എത്തി കെഎസ്ആർടിസി ബസിൽ പന്പയിലേക്കു പോകുന്ന തീർഥാടകരുടെ എണ്ണത്തിലും ആദ്യ ആഴ്ചയിൽ വൻ വർധനവാണു ഉണ്ടായിരിക്കുന്നത്.
ഇതിനോടകം 35,000ത്തിനു മുകളിൽ തീർഥാടകർ കോട്ടയത്ത് എത്തി കെഎസ്ആർടിസി ബസിൽ പന്പയിലേക്കു പോയതായിട്ടാണു കെഎസ്ആർടിസിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള എല്ലാ പന്പ സർവീസുകളും റെയിൽവേ സ്റ്റേഷനിൽ എത്തി തീർഥാടകരെ കയറ്റി സ്റ്റാൻഡിലെത്തി കെ.കെ റോഡിലൂടെ പോകുന്ന രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്. ഇതിനുപുറമേ ഏറ്റുമാനൂർ ക്ഷേത്രത്തിൽ എത്തി തീർഥാടകരുമായി കോട്ടയത്ത് എത്തി പന്പയിലേക്കു പോകുന്ന സർവീസുമുണ്ട്.
ദിവസവും രാത്രി ആറിനു കോട്ടയം ഡിപ്പോയിൽ നിന്നും പുറപ്പെട്ടു ഏറ്റുമാനൂർ ക്ഷേത്രത്തിൽ എത്തി അവിടെ നിന്നും രാത്രി എട്ടിനു പുറപ്പെട്ടു കോട്ടയം, പുതുപ്പള്ളി, കറുകച്ചാൽ, മണിമല, എരുമേലി വഴിയാണു ഈ ബസ് പന്പയിലേക്കു പോകുന്നത്. അധിക സർവീസുകൾ നടത്തുന്നതു ശനി, ഞായർ അവധി ദിവസങ്ങളിലാണ്. കോട്ടയത്തിനു സമീപ ഡിപ്പോകളിൽ നിന്നും ബസുകൾ എത്തിച്ചും കോട്ടയത്തു നിന്നും പന്പയിലേക്കു സർവീസ് നടത്തുന്നുണ്ട്.
തിരുവല്ല, പാലാ, ഈരാറ്റുപേട്ട, വൈക്കം, ചങ്ങനാശേരി, മൂവാറ്റുപുഴ തുടങ്ങിയ ഡിപ്പോകളിൽ നിന്നും രണ്ടു ബസുകൾ വീതം വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ കോട്ടയത്ത് എത്തിയശേഷം ശനി, ഞായർ ദിവസങ്ങളിൽ പന്പ സർവീസുകൾ പൂർത്തിയാക്കി ഞായറാഴ്ച രാത്രി അതാത് ഡിപ്പോകളിലേക്കു മടങ്ങുന്ന രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്.
മുൻവർഷങ്ങളിൽ പന്പയിലേക്കു സ്പെഷൽ ഡ്യൂട്ടിക്കു എത്തുന്ന ബസുകളുടെ ജീവനക്കാരുടെയും തീർഥാടകരുടെയും ആവശ്യങ്ങൾക്കായി ഒരു ജീപ്പ് കോട്ടയം ഡിപ്പോയ്ക്കു ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ ജീപ്പ് ഡിപ്പോയ്ക്കു ലഭിച്ചിട്ടില്ല. ജീവനക്കാർക്കു എന്തെങ്കിലും ആവശ്യങ്ങൾക്കായി റെയിൽവേ സ്റ്റേഷനിലേക്കോ ബസുകൾ കേടാകുന്നതു ഉൾപ്പെടയുള്ള സ്ഥലങ്ങളിലേക്കോ പോകുന്നതിനായിട്ടാണു ജീപ്പ് ഉപയോഗിച്ചുകൊണ്ടിരുന്നത്.
ഇത്തരം ആവശ്യങ്ങൾക്കായി ഒരു വാഹനം ലഭിച്ചിട്ടില്ലാത്തതു മാത്രമാണു കോട്ടയം ഡിപ്പോയ്ക്കുള്ള ഏക ബുദ്ധിമുട്ട്.
വരും ദിവസങ്ങളിൽ തീർഥാടകരുടെ തിരക്കും കളക്ഷനും വർധിക്കുമെന്ന പ്രതീക്ഷയിലാണു കെഎസ്ആർടിസി അധികൃതർ.