തിരുവനന്തപുരം: നഷ്ടത്തിലേക്കു കൂപ്പുകുത്തിക്കൊണ്ടിരുന്ന കെഎസ്ആർടിസി വീണ്ടും വരുമാനനേട്ടത്തിലേക്ക്. കാൽ നൂറ്റാണ്ടിനുശേഷം സ്വന്തം വരുമാനത്തിൽ നിന്നും ശന്പളം നൽകാനൊരുങ്ങുകയാണ് കെഎസ്ആർടിസി. ഈ മാസത്തെ ശന്പളമാണ് സ്വന്തം വരുമാനത്തിൽ നിന്നും കെഎസ്ആർടിസി നൽകുന്നത്.
ജനുവരി മാസത്തിലെ അവസാന പ്രവൃത്തി ദിനമായ 31നു മുൻപ് ശന്പളം വിതരണം ചെയ്യും. ശബരിമല സർവീസിലൂടെ കെഎസ്ആർടിസിക്കുണ്ടായ നേട്ടമാണ് ഈ മാസം ലാഭമുണ്ടാകാനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി ലാഭമാണ് ശബരിമല സർവീസിലൂടെ കെഎസ്ആർടിസിക്കുണ്ടായത്.
കൂടാതെ എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതും അതിനു പിന്നാലെ നഷ്ടത്തിലോടിയിരുന്ന സർവീസുകൾ വെട്ടിച്ചുരുക്കിയതും കെഎസ്ആർടിസിയുടെ ലാഭം വർധിക്കാൻ കാരണമായി. കാൽ നൂറ്റാണ്ടായി തുടർന്നിരുന്ന ഡബിൾ ഡ്യൂട്ടിക്കു പകരം സിംഗിൾ ഡ്യൂട്ടി സംവിധാനം ഏർപ്പെടുത്തിയതോടെ ജീവനക്കാരുടെ അലവൻസിൽ പ്രതിദിനം 8.2 ലക്ഷം രൂപയുടെ ലാഭമുണ്ടായി.
അദർ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ വിവിധ സർവീസുകൾക്കായി നിയോഗിച്ചതിലൂടെ വർഷം 55 കോടിയോളം രൂപയുടെ ലാഭമാണുണ്ടാകുന്നത്. ബസുകളിൽ നിന്നുള്ള പരസ്യ വരുമാനവും കുത്തനെ വർധിച്ചിട്ടുണ്ട്. 90 കോടിയോളം രൂപയാണ് ഒരു മാസം ശന്പളം നൽകുന്നതിനായി കെഎസ്ആർടിസിക്കു വേണ്ടത്. സർക്കാർ സഹായം തേടിയോ ബാങ്കിൽ നിന്നും വായ്പയെടുത്തോ ആണ് ഇതുവരെ കെഎസ്ആർടിസിയിൽ ശന്പളം നൽകിയിരുന്നത്.