ചാത്തന്നൂർ: കെ എസ് ആർ ടി സി യിൽ ഈ മാസവും ശമ്പളം മുടങ്ങി. തീയതി ആറായിട്ടും എന്ന് ശമ്പളം കിട്ടുമെന്ന് ഉറപ്പു പറയാൻ കഴിയാത്ത അവസ്ഥയിലാണ് മാനേജ്മെന്റ്. കഴിഞ്ഞ മാസവും 10-ന് ശേഷമാണ് ശമ്പളം വിതരണം ചെയ്തത്.ഏറെക്കാലമായി എല്ലാ മാസവും ഇതാണ് അവസ്ഥ.
സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിക്കുന്ന തുകയാണ് ഇപ്പോൾ ജീവനക്കാർക്ക് ശമ്പളമായി വിതരണം ചെയ്യുന്നത്.ഈ മാസത്തെ ശമ്പളം വിതരണം ചെയ്യാനുള്ള തുക ഇതുവരെ അനുവദിച്ചിട്ടില്ല.
ധനകാര്യ വകുപ്പ് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് അനുവദിക്കുന്ന തുക, അദ്ദേഹമാണ് കെ എസ് ആർ ടി സി എം.ഡിക്ക് കൈമാറുന്നത്.ഗതാഗത വകുപ്പ് സെക്രട്ടറിയും കെ എസ് ആർ ടി സി യുടെ സിഎംഡിയും ബിജു പ്രഭാകർ തന്നെയാണ്.
അത് കൊണ്ട് സർക്കാർ പണം അനുവദിച്ചാൽ പണം കൈമാറുന്നതിനും ശമ്പളം വിതരണം ചെയ്യുന്നതിനും കാലതാമസമുണ്ടാകില്ല എന്ന ആശ്വാസം മാത്രമാണ് ജീവനക്കാർക്ക് .
ടോമിൻ ജെ തച്ചങ്കരി കോർപ്പറേഷൻ എം.ഡി. ആയിരുന്നപ്പോൾ ജീവനക്കാർക്ക് കൃത്യമായി ശമ്പളം വിതരണം ചെയ്യാൻ അദ്ദേഹം ശ്രമിച്ചി രുന്നു. അദ്ദേഹം സ്ഥാനമൊഴിഞ്ഞ ശേഷം ശമ്പളം മുടങ്ങുന്നത് പതിവായെന്ന് ജിവനക്കാർ .