പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെ എസ് ആർ ടി സി യുടെ സാമ്പത്തിക സ്ഥിതി ദയനീയമെന്ന് ശമ്പള പരിഷ്കരണ ചർച്ചയ്ക്ക് മുന്നോടിയായി സിഎംഡി ബിജു പ്രഭാകരൻ യോഗത്തിന്റെ അജണ്ടയിൽ വ്യക്തമാക്കി.2020 ഏപ്രിൽ മുതൽ 2021 മാർച്ചു വരെയുള്ള സാമ്പത്തിക വർഷത്തിൽ 642.79 കോടിയാണ് വരവ്.
2265.77 കോടിയായിരുന്നു ചെലവ്. 1794.58 കോടി സർക്കാർ സഹായമായി അനുവദിച്ചു.971.91 കോടി രുപയുടെ ബാധ്യതകൾ തീർത്തെങ്കിൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയുകയുള്ളുവെന്നും 23 പേജുള്ള രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ശമ്പള പരിഷ്കരണവും സ്ഥിരപ്പെടുത്തലും ചർച്ച ചെയ്ത ശേഷം മതി മറ്റു കാര്യങ്ങൾ എന്ന് യൂണിയൻ പ്രതിനിധികൾ കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആവശ്യപ്പെട്ടു.
10 ശതമാനം ഫിറ്റ്മെൻറും 11 ശതമാനം വെയിറ്റേജും അനുവദിച്ച് 137 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചു കൊണ്ടായിരിക്കണം മാസ്റ്റർ സ്കെയിൽ രൂപീകരിക്കേണ്ടതെന്നും യുണിയനുകൾ ആവശ്യപ്പെട്ടു.
യൂണിയനുകൾ ആവശ്യപ്പെട്ട പ്രകാരം ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിന് 18 കോടി അധികം വേണ്ടിവരുമെന്ന് മാനേജ്മെൻറ് സൂചിപ്പിച്ചു.
അധിക ചെലവിനെ സംബന്ധിച്ച് ധനമന്ത്രിയുമായി ചർച്ച നടത്താമെന്ന് മന്ത്രി ഉറപ്പ് നല്കി. മാനേജ്മെൻറും യൂണിയനുകളുമായി ചർച്ച നടത്തി മറ്റ് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും ഈ മാസം തന്നെ ശമ്പള പരിഷ്കാരം നടപ്പാക്കാനും ധാരണയായി.
എം പാനൽ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയാറാക്കാനും മാനേജ്മെൻറ് തലത്തിൽ സബ് കമ്മിറ്റി രൂപീകരിച്ച് ചർച്ചകൾ തുടരാനും തീരുമാനിച്ചു.
യോഗത്തിൽ കെ എസ് ആർ ടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) പ്രതിനിധികളായ ആനത്തലവട്ടം ആനന്ദൻ, പി.കെ.ഹരികൃഷ്ണൻ, ട്രാൻസ്പോർട്ട് ഡമോക്രാറ്റിക് ഫ്രണ്ട് പ്രതിനിധികളായ ആർ.ശശിധരൻ, ആർ.അയ്യപ്പൻ, കെ എസ് ടി എംപ്ലോയീസ് സംഘ് പ്രതിനിധികളായ ജി.കെ.അജിത്, എസ്.അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
മിനി സ്റ്റീരിയൽ, മെക്കാനിക്കൽ ജീവനക്കാരുടെ വിവരശേഖരണം നടത്താൻ ഇന്നലെ എക്സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) ഉത്തരവിട്ടു.
സർവീസ് വിശദാംശങ്ങൾ ശേഖരിക്കുകയും അവ സർവീസ് ബുക്കിൽ രേഖപെടുത്തുകയും വേണം. ഈ വിഭാഗം ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതകളും 28-ന് മുമ്പ് സർവീസ് ബുക്കിൽ ഉൾപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.