ചാത്തന്നൂർ: കെ എസ് ആർ ടി സിയുടെ ആകെ കട ബാധ്യത 15281. 92 കോടി രൂപ. 2024 ഏപ്രിൽ വരെയുള്ള കണക്കാണ് ഇത്.ബാങ്കുകളുടെ കൺസോർഷ്യത്തിന് ഇനി അടയ്ക്കാനുള്ളത് 2863.33 കോടിയും എസ് ബി ഐ യിൽ നിന്നുള്ള ഓവർഡ്രാഫ്റ്റ് 44 കോടിയും സർക്കാർ വായ്പയായ 12372.59 കോടിയുമാണ്.
ബാങ്ക് കൺസോർഷ്യത്തിന്റെ കടം 3500 കോടിയായിരുന്നത് ഇപ്പോൾ 2863.33 കോടിയായി കുറഞ്ഞു. മാസം 30 കോടി വീതം അടച്ചാണ് ഈ കടം കുറച്ചു കൊണ്ടുവരുന്നത്. അതിനാൽ ഡിഗ്രേഡായിരുന്ന കെഎസ്ആർടി സി യെ സിഗ്രേഡിലേക്ക് ഉയർത്തിയിട്ടുണ്ട്. ബജറ്റ് വിഹിതവും പ്ലാൻ ഫണ്ടും ഉൾപ്പെടെ സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള സഹായമാണ് 12 372.59 കോടി. കെ എസ് ആർടിസി ഇത് കട ബാധ്യതകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ തുക രിച്ചടയ്ക്കേണ്ടാത്തതാണ്.
കെഎസ്ആർടിസിയുടെ പ്രതിദിന ടിക്കറ്റ് വരവ് ശരാശരി7.5 കോടിയാണ്. ടിക്കറ്റി തര വരവ് 85 ലക്ഷവും. ബാങ്ക് കൺസോർഷ്യത്തിന് കൃത്യമായി മാസംതോറും 39 കോടി വീതംഅടയ്ക്കേണ്ടി വരുന്നതിനാലാണ് സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്നത്. പ്രതിമാസം 20 കോടി കൂടി നേടിയാൽ ലാഭ -നഷ്ടങ്ങളില്ലാതെ മുന്നോട്ടു പോകാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
സർക്കാരിൽ നിന്നും സാമ്പത്തിക സഹായം കിട്ടുമ്പോഴും സർക്കാർ കൊടുക്കേണ്ട തുകയെക്കുറിച്ച് മൗനമാണ്. സർക്കാർ അനുവദിച്ചിട്ടുള്ള വിവിധ സൗജന്യ പാസുകൾ ക്കുള്ള തുക ഇതുവരെയും കെഎസ്ആർടിസിയ്ക്ക് നല്കിയിട്ടില്ല. രാജമാണിക്യം സിഎംഡിയായിരുന്ന കാലത്ത് 2015 ൽ സൗജന്യ പാസുകളെക്കുറിച്ച് ആഡിറ്റ് നടത്തിയപ്പോൾ 1900 കോടിയായിരുന്നു സർക്കാർ ഈയിനത്തിൽ നല്കാനുണ്ടായിരുന്നത്.
അതിന് ശേഷം ഇതുവരെ സൗജന്യ പാസുകളെക്കുറിച്ച് ആഡിറ്റിംഗ് ഉണ്ടായിട്ടില്ല. സർക്കാർ നല്കിയിട്ടുള്ള സഹായത്തെക്കാൾ ഒരു പക്ഷേ കൂടുതലായിരിക്കും സൗജന്യപാസുകൾക്കുള്ള തുക.
പ്രദീപ് ചാത്തന്നൂർ