ചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാർക്ക് അഞ്ചു വർഷത്തിന് ശേഷം ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്തു.മാർച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി ഒന്നാം തീയതി തന്നെ വിതരണം ചെയ്തുതുടങ്ങി. ശമ്പള ഇനത്തിൽ 80 കോടി രൂപ വിതരണം ചെയ്തു പൂർത്തിയാക്കുന്നതാണ്.
2020 ഡിസംബർ മാസത്തിനു ശേഷം ആദ്യമായാണ് കെഎസ്ആർടിസിയിൽ ഒന്നാം തീയതി ശമ്പളം മുഴുവനായി വിതരണം ചെയ്യുന്നത്. തുടർച്ചയായി ശമ്പളം മുടങ്ങുന്നതും രണ്ട് ഗഡുക്കളായി വിതരണം ചെയ്യുന്നതുമായിരുന്നു കഴിഞ്ഞ അഞ്ചു വർഷമായുള്ള രീതി.
എട്ടു മാസമായി ഇതിന് ചെറിയ മാറ്റം വന്നിരുന്നു. താമസിച്ചാണെങ്കിലും ഗഡുക്കളായി ശമ്പളം നല്കുന്നത് മതിയാക്കി ഒറ്റ തവണയായി ശമ്പളം വിതണം ചെയ്തു തുടങ്ങി. തുടർച്ചയായി എട്ടാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്.
എസ് ബി ഐ യിൽ ഓവർഡ്രാഫ്റ്റ് ആയി എടുത്ത 80 കോടി കൊണ്ടാണ് ശമ്പളം വിതരണം. സർക്കാരിൽ നിന്നും ലഭിക്കാനുള്ള സഹായമായ 50 കോടി കിട്ടുമ്പോൾ ഈ തുക തിരിച്ചടയ്ക്കും. കെ എസ് ആർടിസിയുടെ കൈവശമുള്ളതുക ഉടൻ ബാങ്കിലേയ്ക്ക് തിരിച്ചടയ്ക്കുമെന്ന് അധികൃതർ പറഞ്ഞു.