സ്വന്തം ലേഖകൻ
ചാത്തന്നൂർ: നഷ്ടങ്ങളുടെ കണക്കുകൾ മാത്രം പറയുന്ന കെ എസ് ആർ ടി സി മാനേജ്മെന്റ് പൊതുപണിമുടക്കിൽ പങ്കെടുത്തവർക്ക് ശമ്പളം നല്കാൻ തീരുമാനിച്ചു.
കഴിഞ്ഞ സെപ്റ്റംബർ 29-ന് നടത്തായ പണിമുടക്ക് ദിവസത്തെ വേതനമാണ് വിതരണം ചെയ്യുന്നത്. സംസ്ഥാന ഭരണം നടത്തുന്ന ഇടതു മുന്നണി കൂടി പങ്കെടുത്ത സമരമായിരുന്നു നടന്നത്.
സിവിൽ സർജന്റെ റാങ്കിലുള്ള ഡോക്ടർമാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുള്ളവർക്ക് വേതനം നല്കാം എന്ന തീരുമാനമാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.
ഹാജർ ക്രമീകരിക്കുന്നതിനായി ഹാജരാകാത്ത ജീവനക്കാരുടെ അഭാവം ഹാജരായി കണക്കാക്കാനും അന്നത്തെ വേതനം വിതരണം ചെയ്യാനുമാണ് ഉത്തരവ്.
ഇതിന് ശേഷമുള്ള അവധികൾ ഇൻക്രിമെന്റ് ഗ്രേഡ് പ്രമോഷൻ തുടങ്ങിയ ആനുകുല്യങ്ങൾ താത്ക്കാലികമായി അനുവദിക്കാവുന്നതാണെന്നും ഉത്തരവിലുണ്ട്.
ശമ്പളവും ആനുകൂല്യങ്ങളും സർക്കാർ ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ക്രമീകരിക്കുന്നതും തിരികെ ഈടാക്കേണ്ട പക്ഷം തുടർന്നുള്ള വേതനത്തിൽ നിന്നും കുറവ് ചെയ്യുന്നതാണെന്നും വ്യക്തമാക്കുന്നുണ്ട്.
ഈ പൊതുപണിമുടക്ക് ദിവസം ജോലി ചെയ്യാൻ തയാറായി നിരവധി ജീവനക്കാരാണ് യൂണിറ്റുകളിൽ എത്തിയതെന്ന പ്രത്യേകതയുമുണ്ടായിരുന്നു.
പല ഡിപ്പോകളിലും 90 ശതമാനത്തിലധികം ജീവനക്കാർ എത്തിയിരുന്നു. അംഗീകൃത യൂണിയനുകളോട് പ്രതിഷേധമുള്ള സ്വതന്ത്ര കൂട്ടായ്മകളാണ് ജോലി ചെയ്യാൻ സന്നദ്ധരായി എത്തിയത്.
\