സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശന്പള പ്രതിസന്ധി പരിഹരിക്കാൻ സഹായം തേടി കെഎസ്ആർടിസി വീണ്ടും സർക്കാരിനെ സമീപിച്ചു.
ഏപ്രിൽ മാസത്തെ ശന്പള വിതരണത്തിനായി 65 കോടി രൂപ കൂടി വേണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. ശന്പള പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞ മാസം 30 കോടി രൂപ സർക്കാർ നൽകിയിരുന്നു.
കെഎസ്ആർടിസി ജീവനക്കാർക്ക് ശന്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്നു ഗതാഗത മന്ത്രിയും ധനമന്ത്രിയും ആവർത്തിക്കുന്നതിനിടെയാണ് വീണ്ടും സഹായം തേടി കെഎസ്ആർടിസി സർക്കാരിനെ സമീപിച്ചിരിക്കുന്നത്.
എല്ലാക്കാലത്തും കെഎസ്ആർടിസിയുടെ ശന്പള പ്രശ്നം പരിഹരിക്കാൻ സർക്കാരിനാകില്ലെന്നും പൊതുമേഖല സ്ഥാപനത്തിലെ ശന്പളം കൊടുക്കാനുള്ളത് അടക്കമുള്ള വരുമാനം അവർ തന്നെ കണ്ടെത്തണമെന്നായിരുന്നു നേരത്തെ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്.
മന്ത്രി പറഞ്ഞതു ചർച്ചയായിരിക്കേ, ഇക്കാര്യം സർക്കാരിന്റെ കൂട്ടായ തീരുമാനമാണെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.