സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഈ മാസത്തെ ശന്പളവും വൈകും. ശന്പളം നൽകാൻ 65 കോടി സഹായം അനുവദിക്കണമെന്നു കെഎസ്ആർടിസി മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
കഴിഞ്ഞ മാസത്തേക്കാൾ പ്രതിസന്ധി രൂക്ഷമാണെന്നാണ് മാനേജ്മെന്റ് പറയുന്നത്.അതേസമയം, ഈ മാസം അഞ്ചിനു മുന്പ് ശന്പളം നൽകിയില്ലെങ്കിൽ അഞ്ചിന് അർധരാത്രി മുതൽ പണിമുടക്ക് ആരംഭിക്കാനാണ് പ്രിതപക്ഷ യൂണിയനുകളുടെ തീരുമാനം.
ശന്പളം നൽകുന്നതിനായി 82 കോടി രൂപ യാണ് ആവശ്യമുള്ളത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി കഴിഞ്ഞ മാസം സർക്കാർ 30 കോടി രൂപ അനുവദിച്ചിരുന്നു.
ഇതിന്റെ ബാക്കി ബാങ്കിൽ നിന്നു 45 കോടി ഓവർഡ്രാഫ്റ്റ് എടുത്താണ് കഴിഞ്ഞ തവണ ശന്പളം വിതരണം ചെയ്തത്.ഇത്തവണ ബാങ്കിൽ നിന്നു വായ്പയെടുക്കുന്നത് അസാധ്യമാണെന്നു മാനേജ്മെന്റ് പറയുന്നു.
സഹകരണ സൊസൈറ്റി വഴി വായ്പ എടുക്കാൻ ആലോചിക്കുന്നുണ്ടെങ്കിലും അതിനും കാലതാമസമുണ്ടാകും. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മാനേജ്മെന്റ് ആവശ്യപ്പെടുന്നു.
എന്നാൽ, കെഎസ്ആർടിസിയിലെ ശന്പള പ്രശ്നത്തിൽ എപ്പോഴും ഇടപെടാനും സഹായം നൽകാനും സർക്കാരിനാവില്ലെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു ആവർത്തിക്കുന്നത്.
പൊതുമേഖല സ്ഥാപനമായതിനാൽ അവർ തന്നെ ജീവനക്കാരുടെ ശന്പള കാര്യം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മന്ത്രി പറയുന്നു.
മന്ത്രിയുടെ പ്രസ്താവന ശരിവെച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാലും രംഗത്തെത്തിയിരുന്നു.