തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനല്ല മുഖ്യപരിഗണനയെന്ന് കെഎസ്ആർടിസി. ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ കെഎസ്ആർടിസി സത്യവാങ്മൂലം നൽകി.
പ്രഥമ പരിഗണന ജനങ്ങൾക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്നതിനാണ്. ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണെങ്കിലും നിത്യചെലവിന് പണം തികയുന്നില്ല.
600 ബസുകൾ കട്ടപ്പുറത്താണ്. ഇവ നിരത്തിലിറക്കണമെങ്കിൽ ജീവനക്കാർക്ക് 12 മണിക്കൂർ ഡ്യൂട്ടി ഏർപ്പെടുത്തേണ്ട സാഹചര്യമാണെന്നും കെഎസ്ആർടിസി കോടതിയെ അറിയച്ചു.
ജീവനക്കാർ കൃത്യമായി ജോലി ചെയ്യാത്തതാണ് ഉത്പാദന ക്ഷമത കുറയാൻ കാരണമെന്നും കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചു.
എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകണമെന്ന സ്വകാര്യ ഹർജിക്കെതിരെ നൽകിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസി ഇക്കാര്യം വ്യക്തമാക്കിയത്.
രക്ഷപ്പെടുത്താൻ പരിഷ്ക്കാരങ്ങൾ കൊണ്ടു വരുമ്പോൾ ജീവനക്കാർ എതിർക്കുകയാണെന്നും കോർപ്പറേഷൻ കോടതിയെ അറിയിച്ചു.