പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസി ആവശ്യപ്പെടുകയും ഹൈക്കോടതി ഉത്തരവിടുകയും ചെയ്ത 103 കോടി രൂപ സർക്കാർ നല്കിയാൽ ജീവനക്കാരുടെ ശമ്പള കുടിശികയും ഓണം ആനുകൂല്യങ്ങളും നല്കുമെന്ന് മാനേജ്മെന്റ്.
ഇത് ജീവനക്കാർക്കു നല്കി ക്കഴിഞ്ഞാൽ മറ്റു പല തിരിച്ചടവുകളും മുടങ്ങുമെന്നും ഡീസൽ ക്ഷാമത്തിനു സാധ്യതയെന്നും അധികൃതർ സൂചിപ്പിച്ചു.
ജീവനക്കാരുടെ രണ്ടു മാസത്തെ ശമ്പള കുടിശികയ്ക്ക് 180 കോടി വേണം. ഓണം ആനുകൂല്യങ്ങൾ നല്കാൻ 79 കോടിയും വേണ്ടി വരും.
239 കോടി ആവശ്യമെന്നിരിക്കേ 103 കോടി സർക്കാരിൽ നിന്നും ലഭിച്ചാൽ മറ്റ് ആവശ്യങ്ങൾക്കുള്ള പണംകൂടി എടുത്ത് തത്കാലം ജീവനക്കാരുടെ പ്രശ്നം പരിഹരിക്കാനാണു ശ്രമം.
മറ്റ് ആവശ്യങ്ങൾക്കുള്ളതിൽ പ്രധാനം ഇന്ധന കമ്പനികൾക്ക് കൊടുക്കേണ്ട തുകയാണ്. അത് കുടിശിക വരുത്തിയാൽ ഡീസൽ കിട്ടാതെയാവുമെന്ന ആശങ്കയുമുണ്ട്.
സെപ്റ്റംബർ ഒന്നിനു മുമ്പ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം വിതരണം ചെയ്യണമെന്നാണു കോടതി ഉത്തരവ്.