അരിന്പൂർ: ശന്പളം ലഭിക്കാതെ വന്നതോടെ വൈദ്യുതി ബിൽ കുടിശിക വന്ന കെഎസ്ആർടിസി ജീവനക്കാരന്റെ വീട്ടിലെ ഫ്യൂസ് ഉൗരി മാറ്റി കെഎസ്ഇബി.
എന്നാൽ അതേ കെഎസ്ഇബി സെക്ഷനിലെ സീനിയർ സൂപ്രണ്ടും, കാഷ്യറും ചേർന്ന് ബിൽ തുക പങ്കിട്ടടച്ച് കെഎസ്ആർടിസി ഡ്രൈവറുടെ കുടുംബത്തിൽ പ്രകാശം പരത്തിയത് വേറിട്ട കാഴ്ചയായി.
കെഎസ്ആർടിസിയിൽ 15 വർഷമായി ഡ്രൈവറായി ജോലി നോക്കുകയാണ് മനക്കൊടി കിഴക്കുന്പുറം സ്വദേശി വാത്തിയത്ത് വീട്ടിൽ വി.ജി.സുശീലൻ എന്ന 50 കാരൻ.
സുശീലന്റെ വരുമാനം കൊണ്ടാണ് ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞു പോകുന്നത്. വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. കെഎസ്ആർടിസിയിൽ നിന്നും ലഭിക്കുന്ന ശന്പളം മാത്രമാണ് ഇവരുടെ ഏക ആശ്രയം.
കെഎസ്ആർടിസിയിൽ ശന്പളക്കുടിശിക വന്ന സമയം മുതലാണ് ഇവർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നത്. ലോണുകൾക്കും മറ്റും പലിശ വർധനവും തിരിച്ചടവു മുടങ്ങിയും കുറച്ചു കാലം ബുദ്ധിമുട്ടി.
വീണ്ടും ഒരു കണക്കിന് മുന്നോട്ടു പോകുന്നതിന് ഇടയിലാണ് വീട്ടിലെ വൈദ്യുതി ബിൽ അടക്കാൻ പറ്റാതെ വന്നത്.
5-ാം തിയതിക്കു മുൻപ് ശന്പളം കൊടുക്കുമെന്ന് കെഎസ്ആർടിസി പറഞ്ഞെങ്കിലും സുശീലന് ശന്പളം കിട്ടിയില്ല.
തുടർന്ന് 2188 രൂപയുടെ വൈദ്യുതി ബിൽ കുടിശികയായതിനെ തുടർന്ന് ഡിസ്കണക്ഷൻ ചെയ്യേണ്ട ദിവസമെത്തിയപ്പോൾ കെഎസ്ഇബി രണ്ടു ദിവസത്തെ അവധി കൂടി പണമടക്കാൻ വേണ്ടി സുശീലന് നൽകി.
ശന്പളം കിട്ടാതെ വന്നതോടെ ബിൽ അടക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ 9-ാം തിയതി കെഎസ്ഇബി ജീവനക്കാരെത്തി സുശീലന്റെ വീടിന്റെ വൈദ്യുതി ബന്ധം വിച്ചേദിച്ചു.
ബിൽ തുക അടയ്ക്കാനായി പലിശക്ക് വരെ പണം കടം എടുക്കാൻ നോക്കിയെങ്കിലും പെട്ടന്ന് നടന്നില്ല.
വെള്ളവും വെളിച്ചവുമില്ലാതെ വലഞ്ഞ സുശീലന്റെയും കുടുംബത്തിന്റെയും നിസഹായാവസ്ഥ കണ്ട് മനസലിഞ്ഞ കുന്നത്തങ്ങാടിയിലെ അരിന്പൂർ കെഎസ്ഇബി സീനിയർ സൂപ്രണ്ട് സജിത് കുമാർ,
കാഷ്യർ വി.വി.സുർജിത് എന്നിവർ ചേർന്ന് സുശീലന്റെ വൈദ്യുതി ബിൽ സ്വന്തം കയ്യിൽ നിന്ന് കാശെടുത്ത് അടച്ച് പരിഹാരമുണ്ടാക്കുകയായിരുന്നു.
ശന്പളം കിട്ടിയ ശേഷം പണം തിരികെ തന്നാൽ മതിയെന്ന് ഇരുവരും സുശീലനെ അറിയിച്ചു. കേരള ഫുട്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റനാണ് വി.വി. സുർജിത്.