തിരുവനന്തപുരം: കെഎസ്ആർടിസിയുടെ തിരുവനന്തപുരം മംഗലാപുരം മൾട്ടി ആക്സിൽ സ്കാനിയ എസി സർവീസിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ മൂന്നു ജീവനക്കാരെ സസ്പെൻഡു ചെയ്തു.
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും കഴിഞ്ഞ 31ന് വൈകുന്നേരം ആറിന് മംഗലാപുരം മൾട്ടി ആക്സിൽ സ്കാനിയ ബസിൽപോസ്റ്റ് ചെയ്തിരുന്നത് ഡ്രൈവർ കം കണ്ടക്ടർമാരായ കെ.ടി. ശ്രീരാജ്, വി.എം. ബിജീഷ് എന്നിവരെയായിരുന്നു.
എന്നാൽ കണ്ടക്ടർ ചുമതല ഉണ്ടായിരുന്ന വി. എം.ബിജീഷ് ഈ ഡിപ്പോയിലെ തന്നെ ഡ്രൈവർ കം കണ്ടക്ടർ ആയിരുന്ന എം. സന്ദീപിനെ മേലധികാരകളെ അറിയിക്കാതെ കെ.ടി. ശ്രീരാജുമായി ചേർന്ന് കണ്ടക്ടർ ചുമതല വഹിച്ച് കോർപറേഷനെ കബളിപ്പിച്ച് സർവീസ് നടത്തിയ സംഭവത്തിലാണ് മൂവരേയും സസ്പെൻഡ് ചെയ്തത്.
ആൾമാറാട്ടം നടത്തി സർവീസ് നടത്തിയ ഇവരെ കൊല്ലം വിജിലൻസ് വിഭാഗം ഇൻസ്പെക്ടർമാർ ബസ് പരിശോധന നടത്തിയപ്പോഴാണ് വേബില്ലിലും , ലോഗ് ഷീറ്റിലും രേഖപ്പെടുത്തിയ പേരുകളും ഡ്യൂട്ടി ചെയ്ത ജീവനക്കാരുടെ ഐഡി കാർഡിലും വ്യത്യാസം തോന്നിയതിനെ തുടർന്ന് നടപടിയെടുത്തത്.