പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: സ്കൂളുകളും കോളേജുകളും തുറന്നതോടെ വിദ്യാർഥികൾക്ക് വേണ്ടി 220 ബസുകൾ ഒരുക്കി കെ എസ് ആർ ടി സി കാത്തിരിക്കുന്നു. കോർപ്പറേഷന്റെ 94 ഡിപ്പോകളിലും സ്കൂൾ ബോണ്ട് ( ബസ് ഓൺ ഡിമാന്റ്) സർവീസ് നടത്താൻ ബസുകൾ അനുവദിച്ചിട്ടുണ്ട്.
ഓരോ ഡിപ്പോയ്ക്കും ഒന്നു മുതൽ ഏഴ് ബസുകൾ വരെയാണ് സ്കൂൾബോണ്ട് സർവീസിനായി അനുവദിച്ചിരിക്കുന്നത്. മാസത്തിൽ 20 ദിവസം നാല് സർവീസ് വീതം നടത്താൻ ദൂരം കണക്കാക്കി തുക നേരത്തെ തന്നെ കെ എസ് ആർ ടി സി നിശ്ചയിച്ച് അറിയിച്ചിരുന്നു.
ജില്ലാ പൂളിലുള്ള പാർക്കിംഗ് സെന്ററുകളിൽ നിന്നും ഡിപ്പോകളിലെ വർക്ക്ഷോപ്പുകളിൽ നിന്നുമാണ് യുണിറ്റുകളിലേയ്ക്ക് ബസ് അനുവദിച്ചിരിക്കുന്നത്.
ഓർഡിനറി ബസുകളാണ് സ്കൂൾ ബോണ്ട് സർവീസിന് വിട്ടുകൊടുക്കുന്നതെങ്കിലും തിരുവനന്തപുരം ജില്ലയിലെ ഡിപ്പോകൾക്ക് ജൻറം, നോൺ എസി ഫ്രണ്ട് എഞ്ചിൻ ബസുകൾ അത്യാവശ്യത്തിന് ഉപയോഗിക്കാം.
എന്നാൽ റിസർവ് പുളിൽ നിന്നും ഓർഡിനറി ബസുകൾ കിട്ടുന്ന മുറയ്ക്ക് ഇവ പിൻവലിക്കണം. 12 വരെ മാത്രമേ ഈ ബസുകൾ ബോണ്ട് സർവീസിന് നല്കാവൂ.12-ന് ഇവ പിൻവലിച്ച് ശബരിമല സർവീസിനായി വിട്ടുകൊടുക്കണമെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
കേരള പിറവി ദിനത്തിൽ സ്കൂളുകൾ തുറന്നെങ്കിലും വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള ബോണ്ട് സർവീസ് ഓടി തുടങ്ങിയില്ല. പല ഡിപ്പോകളിലും ബസുകൾ തയാറാണെങ്കിലും സ്കൂൾ അധികൃതരുമായി കരാർ ആയിട്ടില്ലാത്തതാണ് കാരണം.
സ്കൂൾ അധികൃതരുമായി എത്രയും വേഗം കരാറിലെത്താനുള്ള ശ്രമത്തിലാണ് യൂണിറ്റ് അധികൃതർ.പക്ഷേ കെ എസ് ആർ ടി സി പ്രതീക്ഷിച്ച രീതിയിലുള്ള ഒരു പ്രതികരണം ഇനിയും സ്കൂൾ അധികൃതരിൽ നിന്നുണ്ടായിട്ടില്ല.
സ്കൂൾ, കോളേജ് ബോണ്ട് സർവീസ് ആരംഭിക്കാൻ കഴിഞ്ഞില്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള മേഖലകളിലേക്ക് അഡീഷണൽ സർവീസുകൾ പല ഡിപ്പോകളിലും ആരംഭിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരമാവധി പരിഹരിക്കാനുള്ള ശ്രമമാണ് യുണിറ്റ് അധികൃതർ ആദ്യദിനം തന്നെസ്വീകരിച്ചിട്ടുള്ളത്.