ബസുകളിലെ സീറ്റ് സംവരണവുമായി ബന്ധപ്പെട്ടു നവമാധ്യമങ്ങളിൽ ചർച്ചകൾ മുറുകുന്നു. സ്ത്രീകളുടെ സംവരണ സീറ്റിൽ യാത്ര ചെയ്യുന്ന പുരുഷന്മാർ സ്ത്രീകൾ ആവശ്യപ്പെട്ടാൽ മാറികൊടുക്കണോ വേണ്ടയോ എന്നതു സംബന്ധിച്ചാണ് ചർച്ചകൾ.
കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ 25 ശതമാനമാണ് സ്ത്രീകൾക്ക് സീറ്റ് സംവരണമെങ്കിലും റിസർവേഷൻ സംവിധാനമുള്ള കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ സംവരണത്തിൽ മാറ്റമുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു.
സീറ്റ് സംവരണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാർത്തകളാണു പ്രചരിക്കുന്നതെന്നും ബസുകളിൽ സ്ത്രീകൾക്കു മുൻഗണന ഉണ്ടെങ്കിലും ദീർഘദൂര സർവീസുകളിൽ മാറ്റമുണ്ടെന്ന് കെഎസ്ആർടിസി അധികൃതരും സമ്മതിക്കുന്നു. ടിക്കറ്റ് റിസർവേഷൻ സൗകര്യമുള്ള കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ ഡ്രൈവർക്കു പിന്നിലുള്ള ആദ്യ നിരയിലെ മൂന്നു സീറ്റുകൾ മാത്രമാണ് സ്ത്രീകൾക്കു മാത്രമായുള്ളത്.
ഈ സീറ്റുകളിൽ പുരുഷൻമാർ യാത്ര ചെയ്താൽ യാത്രാമധ്യേ സ്ത്രീകൾ ആവശ്യപ്പെടുന്ന പക്ഷം മാറണം. പിന്നിലുള്ള സംവരണ സീറ്റുകളിൽ സ്ത്രീകൾക്കു മുൻഗണന ഉണ്ടെങ്കിലും നേരത്തേ റിസർവ് ചെയ്തവർ പുരുഷൻമാരാണെങ്കിൽകൂടി അവർക്ക് ഇരുന്ന് യാത്ര ചെയ്യാം.
റിസർഷേൻ ചെയ്യാത്ത ജനറൽ സീറ്റുകളിൽ സ്ത്രീ/പുരുഷ വ്യത്യാസമില്ല. സ്ത്രീകൾക്കു മുൻഗണനയുള്ള സീറ്റുകളിൽ ഇരിക്കുന്ന പുരുഷൻമാർ യാത്രയ്ക്കിടെ ഇറങ്ങിയാൽ നിന്ന് യാത്ര ചെയ്യുന്ന സ്ത്രീയ്ക്കായിരിക്കും ആദ്യ പരിഗണന ലഭിക്കുക.
സ്ത്രീകൾ ഇല്ലെങ്കിൽ മാത്രമേ ഈ സീറ്റുകളിൽ പുരുഷൻമാർ സ്ഥാനം ഉറപ്പിക്കാവൂ. നിറയെ യാത്രക്കാരുമായി ദീർഘദൂര ബസുകളുടെ രാത്രി യാത്രയ്ക്കിടെ വഴിയിൽനിന്നും സ്ത്രീകൾ കയറിയാൽ അവർ നിന്ന് യാത്ര ചെയ്യാൻ സന്നദ്ധരാണെന്ന സമ്മതം കണ്ടക്ടർമാർ തേടണം. ദീർഘദൂര സർവീസുകളൊഴികെ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സ്ത്രീകൾക്കു സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ യാത്രയ്ക്കുടനീളം അവർക്ക് മാത്രമുള്ളതാണെന്നും ഈ സീറ്റുകളിൽ പുരുഷൻമാർ ഇരുന്ന് യാത്ര ചെയ്യുന്ന പക്ഷം സ്ത്രീകൾ ആവശ്യപ്പെട്ടാൽ മാറേണ്ടതാണെന്നും കെഎസ്ആർടിസി അധികൃതർ വിശദീകരിക്കുന്നു.
ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലാകട്ടെ സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ യാത്രയിലുടനീളം അവർക്ക് മാത്രമാണെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. റിസർവേഷൻ സൗകര്യം ഉള്ളതിനാലാണ് കെഎസ്ആർടിസി ദീർഘദൂര ബസുകളിൽ മാത്രം ഇളവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം, അതിവേഗത്തിൽ പായുന്ന കെഎസ്ആർടിസി മിന്നലിനും ഇതര സംസ്ഥാന സർവീസ് നടത്തുന്ന സൂപ്പർ ഡീലക്സ് ബസുകൾക്കും സംവരണം ബാധകമേയല്ല.
റോബിൻ ജോർജ്