തിരുവനന്തപുരം: കടത്തില്‍ മൂക്കോളം മുങ്ങിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പുതിയ മാര്‍ഗം കണ്ടെത്തി. നാട്ടിലുള്ള സകലമാന ബാങ്കുകളില്‍ നിന്നെല്ലാം കടം എടുത്തു മതിയായപ്പോഴാണ് കെഎസ്ആര്‍ടിസി പുതിയ മാര്‍ഗം അന്വേഷിച്ചത്. ഇപ്പോഴുള്ള വരുമാനത്തില്‍ നിന്നു പ്രതിദിനം രണ്ടേകാല്‍ കോടി രൂപ മാറ്റി വച്ചും കളക്ഷന്‍ വരുമാനം കൂട്ടിയും ശമ്പളം നല്‍കാന്‍ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അടുത്ത മാസത്തെ ശമ്പളം ഇങ്ങനെയാവും നല്‍കുക.
നിലവിലെ കടക്കെണിയില്‍ നിന്നും രക്ഷപ്പെടാനും ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാനുമാണ് പുതിയ വഴി തേടുന്നത്. ഇപ്പോള്‍ ഓരോമാസവും വായ്പ എടുത്താണ് കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. നിലവില്‍ 2950 കോടി രൂപയുടെ വായ്പയാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. അതിന്റെ പലിശ മാത്രം പ്രതിദിനം നീക്കി വയ്ക്കുന്നത് 3.03 കോടി രൂപയാണ്.
കടക്കെണിയില്‍ നിന്നും കരകയറാനുള്ള വഴിതേടാനായി വകുപ്പ് മന്ത്രി തോമസ് ചാണ്ടി, ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കോര്‍പറേഷന്‍ എം.ഡി രാജമാണിക്യം എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ വായ്പകള്‍ ഏകീകരിക്കാന്‍ തീരുമാനമായി. നിലവിലെ 2950 കോടി വായ്പയില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ വായ്പ 1300 കോടി രൂപയാണ്. ബാക്കി 1650 കോടി രൂപ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുത്തിട്ടുള്ള ഹ്രസ്വകാല വായ്പയാണ്. കണ്‍സോര്‍ഷ്യത്തിന്റെ 1300 കോടി വായ്പയ്ക്ക് പലിശ ഇനത്തില്‍ പ്രതിദിനം 53 ലക്ഷം അടയ്ക്കുമ്പോള്‍ മറ്റുള്ളവയ്ക്ക് അടയ്ക്കുന്നത് രണ്ടരക്കോടി രൂപ. 1650 കോടി രൂപയുടെ കടം ഒഴിവാക്കാന്‍ തീരുമാനിച്ചു.
അതിനായി ബാങ്ക് കണ്‍സോര്‍ഷ്യത്തെ തന്നെ സമീപിച്ചു. വായ്പകള്‍ പുനഃക്രമീകരിക്കാന്‍ കണ്‍സോര്‍ഷ്യം തയ്യാറായി. ഇപ്പോഴത്തെ ധാരണ അനുസരിച്ച് കണ്‍സോര്‍ഷ്യം മൂവായിരം കോടി രൂപ വായ്പ നല്‍കും. എല്ലാ കടങ്ങളും തീര്‍ത്ത് 50 കോടി രൂപ കോര്‍പറേഷന് ലഭിക്കും. ഇപ്പോള്‍ നല്‍കുന്ന കടത്തിന് പ്രതിദിന തിരിച്ചടവ് 75 ലക്ഷം മാത്രമായിരിക്കും. വായ്പയുടെ പലിശ ഇനത്തില്‍ നല്‍കേണ്ട 3.03 കോടി രൂപയില്‍ 2.28 കോടി രൂപ പ്രതിദിനം ലാഭിക്കാം. മാസത്തില്‍ ഇങ്ങനെ ലഭിക്കുന്നത് 68.4 കോടി രൂപ. ശമ്പളത്തിന് വേണ്ടത് 84 കോടി രൂപ. ഒരു മാസം 15.6 കോടി രൂപ കൂടി അധികം കണ്ടെത്തിയാല്‍ ശമ്പള വിതരണം സുഗമമായി നടക്കും. പ്രതിദിനം 52 ലക്ഷം രൂപ കളകഷന്‍ വര്‍ദ്ധന ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിയും. ഇപ്പോള്‍ ആറു കോടി രൂപയ്ക്കു താഴെയാണ് കളക്ഷന്‍. അത് അറരക്കോടിയാക്കണം. എന്തായാലും പദ്ധതി പ്രാവര്‍ത്തികമാവുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.