
തിരുവനന്തപുരം: സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസുകൾ ആരംഭിച്ചു. സമീപ ജില്ലകളിലേക്കാണ് സർവീസ് നടത്തുക. യാത്രക്കാരുടെ തിരക്കനുസരിച്ചാണ് ഡിപ്പോകളിൽ നിന്നു ബസുകൾ വിടുന്നത്. കെഎസ്ആർടിസി 2,190 ഓർഡിനറി സർവീസുകളും 1,037 അന്തർ ജില്ലാ സർവീസുകളുമായിരിക്കും നടത്തുക.
പഴയ ടിക്കറ്റ് നിരക്കിലാണ് സര്‍വീസ് നടത്തുന്നത്. അതേസമയം, പഴയ നിരക്കില്‍ സമീപ ജില്ലയിലേക്ക് സര്‍വീസ് നടത്താനാകില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്, ഹോട്ട്സ്പോട്ടുകളിൽ ബസിന് സ്റ്റോപ്പ് ഉണ്ടാകില്ല. പുലർച്ചെ അഞ്ചിന് ആരംഭിച്ച് രാത്രി ഒൻപതിനകം ഡിപ്പോകളിൽ എത്തിച്ചേരുന്ന തരത്തിലാണ് കെഎസ്ആർടിസി സർവീസുകൾ നടത്തുക.
യാത്രക്കാർക്ക് എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാം. നിന്നുള്ള യാത്ര ഒരു സർവീസിലും അനുവദിക്കില്ലെന്ന് കെഎസ്ആർടിസി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിക്കുക, യാത്രയ്ക്ക് മുൻപും ശേഷവും കൈകൾ സാനിട്ടൈസ് ചെയ്യുക എന്നീ നിർദേശങ്ങൾ തുടർന്നും നടപ്പിലാക്കും.
എന്തെങ്കിലും തരത്തിലുള്ള രോഗമുള്ളവർ യാത്രയ്ക്കായി ബസ് ഉപയോഗിക്കാൻ പാടില്ലെന്നും കെഎസ്ആർടിസി പ്രത്യേക മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകളുടെ അടിസ്ഥാനത്തിലാണ് കേരളം ബസ് സർവീസിന് ഇളവുകൾ നൽകി മാർഗനിർദേശം പുറപ്പെടുവിച്ചത്.
കൊവിഡ് വ്യാപന ഭീഷണി തുടരുന്ന സാഹചര്യത്തിൽ ബസുകളിൽ 50 ശതമാനം യാത്രക്കാരെ അനുവദിച്ചാൽ മതിയെന്ന് ആദ്യം ആലോചിച്ചിരുന്നെങ്കിലും ട്രെയിനിലും വിമാനത്തിലും അതു പാലിക്കപ്പെടുന്നില്ലെന്നതിനാൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ കയറ്റാൻ തീരുമാനിക്കുകയായിരുന്നു.