കോട്ടയം: കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന കെഎസ്്ആർടി സർവീസുകൾ കോട്ടയം ഡിപ്പോയിൽ നിന്നു പുനരാരംഭിച്ചു.ദീർഘദൂര യാത്രക്കാർക്കു പ്രയോജനപ്പെടുത്തുന്ന രണ്ടു സർവീസാണ് ഇന്നു മുതൽ ആരംഭിച്ചിരിക്കുന്നത്.
കോട്ടയം ഡിപ്പോയിൽനിന്നു തിരുവനന്തപുരത്തിനും കോഴിക്കോടിനുമാണ് സർവീസ് നടത്തുന്നത്. രാവിലെ ആറിനു ഡിപ്പോയിൽനിന്നു തിരുവനന്തപുരത്തേക്കു സൂപ്പർഫാസ്റ്റ് ബസ് പുറപ്പെട്ടു. ഉച്ചയ്ക്കു ഒന്നിനു തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കു തിരികെ ബസ് പോരും.
രാവിലെ 7.30നായിരുന്നു കോട്ടയത്തു നിന്നു കോഴിക്കോടിനുള്ള ബസ് പുറപ്പെട്ടത്. ഇന്നു തന്നെ വൈകുന്നേരം അഞ്ചിന് കോഴിക്കോടു നിന്നു കോട്ടയത്തേക്കു പുറപ്പെടും. കോവിഡ് മാനദണ്ഡം പാലിച്ചാണ് സർവീസ്.ഇതിനിടെ കെഎസ്ആർടിസിയുടെ ഈ നിക്കത്തിനെതിരേ ആരോഗ്യ വകുപ്പ് രംഗത്തു വന്നു.
ജനം പുറത്തിറങ്ങുകയോ അനാവശ്യ യാത്രകൾ ചെയ്യുകയോ പാടില്ലെന്ന് സർക്കാർ പറയുന്പോൾ ബസുകൾ ഓടിക്കാൻ തയാറായത് ജനസന്പർത്തിലൂടെ കോവിഡ് വ്യാപനം കൂടുന്നതിനു കാരണമാകുമെന്ന ആശങ്കയാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചത്.
കോവിഡ് വ്യാപനത്തോത് സംസ്ഥാനത്ത് ഇപ്പോഴും 14 ശതമാനത്തിൽനിന്നു താഴാതിരിക്കെ യാത്രക്കാരിൽ രോഗികളും ഉണ്ടാകുക സ്വഭാവികമാണ്. മഴക്കാലത്ത് ഷട്ടറുകൾ താഴ്ത്തി ദീർഘയാത്ര നടത്തുന്നത് സുരക്ഷിതമല്ല.
പണത്തിന്റെ കൈമാറ്റം, ഒരേ സീറ്റിൽ യാത്രക്കാർ മാറി ഇരിക്കുന്പോഴുള്ള വ്യാപനം തുടങ്ങിയ പ്രശ്നങ്ങളുണ്ട്. ദീർഘദൂര സ്ഥലങ്ങളിൽ യാത്രക്കാരെ എത്തിച്ചശേഷം അവിടെ നിന്നും ഉൾപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ നിയന്ത്രണങ്ങളുണ്ട്. മാത്രവുമല്ല ഓട്ടോറിക്ഷ, ടാക്സി സേവനവും ലഭ്യമല്ല.