മൂവാറ്റുപുഴ: തിരക്കുള്ള സമയങ്ങളിൽ മൂവാറ്റുപുഴ-കാക്കനാട് റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസുകൾ റദ്ദാക്കുന്നതിനെരേ പ്രതിഷേധിച്ച് യാത്രക്കാർ. ഇന്നലെ വൈകുന്നേരം നാലു മുതൽ മൂവാറ്റുപുഴ ഡിപ്പോയിൽനിന്നു കാക്കനാടു വഴി കലൂർക്ക് ബസുകൾ പുറപ്പെടാതെ വന്നതോടെ യാത്രക്കാർ ബസ് ഡിപ്പോയിൽ ബഹളമുണ്ടാക്കി. തുടർന്നു 5.30ഓടെയാണ് ബസ് പുറപ്പെട്ടത്.
ജോലി കഴിഞ്ഞും സ്കൂളുകളും കോളജുകളും വിട്ടും എത്തുന്നവർക്ക് നാലു കഴിഞ്ഞാൽ പിന്നീട് ബസ് കിട്ടുവാൻ വൈകുകയാണെന്നാണ് പരാതി. അതിനു മുൻപുള്ള മൂന്നു ബസുകൾ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. ഇപ്പോൾ നാലു ബസിലെ ആളുമായാണ് വൈകിട്ട് നാലിന് പുറപ്പെടുന്നത്. ഇത് ഇഴഞ്ഞു ലക്ഷ്യസ്ഥാനത്തെത്തുന്പോഴേക്കും രാത്രിയാകുന്ന സ്ഥിതിയാണുള്ളത്. സ്ത്രീകളും കുട്ടികളുമാണ് ഇതുമൂലം ഏറെ ക്ലേശം അനുഭവിക്കുന്നത്.
പ്രശ്നം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നു യാത്രക്കാർ പറയുന്നത്. ഡിപ്പോയിൽ ആവശ്യത്തിനു കണ്ടക്ടർമാരും ഡ്രൈവർമാരും ഇല്ലാത്തതിനാലാണു സർവീസുകൾ റദ്ദാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ ഒരുമാസത്തിനിടെ പത്തോളം കണ്ടക്ടർമാരും ഡ്രൈവർമാരും സ്ഥലംമാറിപ്പോയിരുന്നു. എന്നാൽ ഇതുവരെയായിട്ടും ഒഴിവു നികത്താൻ അധികൃതർക്കു കഴിയാത്തതാണു സർവീസുകൾ റദ്ദുചെയ്യുന്നതിനു കാരണമാകുന്നതെന്നാണറിയുന്നത്.