ഡീസലിന് പണമില്ലാത്ത സാഹചര്യത്തില്‍ വരുന്ന മൂന്ന് ദിവസത്തെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ ഉത്തരവ്.
ഓര്‍ഡിനറി സര്‍വീസുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് 50 ശതമാനം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്.
ശനിയാഴ്ച 25 ശതമാനവും സര്‍വീസുകള്‍ മാത്രമാണ് നടത്തുക. ഞായറാഴ്ച ഓര്‍ഡിനറി സര്‍വീസുകള്‍ പൂര്‍ണമായും ഒഴിവാക്കും.
കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറാണ് ഉത്തരവ് ഡിപ്പോകള്‍ക്ക് കൈമാറിയിരിക്കുന്നത്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനെ തുടര്‍ന്ന് ഡീസല്‍ ലഭ്യത കുറഞ്ഞതും മോശം കാലാവസ്ഥയില്‍ വരുമാനം കുറഞ്ഞതുമാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനുള്ള നിര്‍ദേശത്തിന് കാരണം.
വരുമാനം കുറഞ്ഞ സര്‍വീസുകളാണ് ഒഴിവാക്കുന്നത്. വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള സൂപ്പര്‍ ക്ലാസ് ബസുകള്‍ വെള്ളിയും ശനിയും ഞായറും ഉച്ചക്ക് ശേഷവും തിരക്കുണ്ടാകുമ്പോള്‍ പൂര്‍ണമായും സര്‍വീസുകള്‍ ആരംഭിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
തിങ്കളാഴ്ച്ച ലഭിക്കുന്ന ഡീസല്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്ന രീതിയില്‍ പരമാവധി ഓര്‍ഡിനറി സര്‍വീസുകള്‍ ക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യണമെന്നും ഉത്തരവിലുണ്ട്.
കഴിഞ്ഞ ദിവസവും ഡീസല്‍ ക്ഷാമം കാരണം പല ജില്ലകളിലും സര്‍വീസുകള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ധനത്തിനുള്ള പണം ശമ്പളം നല്കാനുപയോഗിച്ചതാണ് ഇതിന് കാരണം.
അതുകൊണ്ട് ഇന്ധനപ്രതിസന്ധി ഇനിയും തുടരുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
അതേസമയം പണമില്ലാത്തതുകൊണ്ടല്ല ഐഒസിയിലെ തൊഴിലാളിയൂണിയനുകളുടെ സമരം കാരണമാണ് ഡീസല്‍ പ്രതിസന്ധിയുണ്ടായതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.