കൽപ്പറ്റ: എസ്എഫ്ഐയുടെ കളക്ടറേറ്റ് മാർച്ചിന് ആളെയെത്തിക്കാൻ കെഎസ്ആർടിസി ട്രിപ്പ് പകുതിയിൽ റദ്ദാക്കി പ്രത്യേക സർവീസ് നടത്തി. കൽപ്പറ്റ സബ് ഡിപ്പോ അധികൃതരാണ് നിരവധി യാത്രക്കാരെ പെരുവഴിയിലാക്കി എസ്എഫ്ഐക്കുവേണ്ടി പ്രത്യേക സർവീസ് നടത്തിയത്. കൽപ്പറ്റയിൽനിന്ന് 9.40ന് മുണ്ടക്കൈയിലേക്കുള്ള സർവീസ് മേപ്പാടിയിൽ അവസാനിപ്പിച്ച് ബസ് കൽപ്പറ്റയിലേക്ക് തിരിക്കുകയായിരുന്നു.
പോളിടെക്നിക്കിൽനിന്നുള്ള എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടാണ് ട്രിപ്പ് പകുതിയിൽനിന്ന് കൽപ്പറ്റയിലേക്ക് തിരിച്ചത്. കൽപ്പറ്റയിൽനിന്ന് മാനന്തവാടിയിലേക്ക് പോകേണ്ട ട്രിപ്പ് പൂർത്തിയാക്കുകയും ചെയ്തു. എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾ കഴിഞ്ഞ ദിവസം ഡിപ്പോയിലെത്തി അധികൃതരുമായി ബസിന്റെ റൂട്ട് ഉൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിച്ചിരുന്നു.
തുടർന്ന് കഐസ്ആർടിസി ജീവനക്കാരുമായി ഉണ്ടാക്കിയ ധാരണയെത്തുടർന്നാണ് മേപ്പാടിയിൽ സർവീസ് അവസാനിപ്പിച്ച് വിദ്യാർഥികളുമായി കൽപ്പറ്റയ്ക്ക് തിരിച്ചത്. നൂറോളം വിദ്യാർഥികൾ ഉണ്ടാകുമെന്നാണ് എസ്എഫ്ഐ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ 65 പേരാണ് ബസിൽ കയറിയത്.
സർവീസ് റദ്ദാക്കിയതോടെ മേപ്പാടിയിൽനിന്ന് മുണ്ടക്കൈയിലേക്കുള്ള നിരവധി യാത്രക്കാരാണ് പെരുവഴിയിലായത്. സർവീസിന് സാധ്യമായ നാലുബസുകൾ ഡിപ്പോയിൽ വെറുതെ കിടന്നിട്ടും ശരാശരി കലക്ഷനുള്ള മുണ്ടക്കൈ സർവീസ് റദ്ദാക്കിയതിൽ പ്രതിഷേധമുണ്ട്.
വിദ്യാർഥികൾക്ക് കൽപ്പറ്റയിലെത്താൻ വടുവൻചാൽ, പുറ്റാട് എന്നിവിടങ്ങളിൽനിന്ന് ഈസമയത്ത് കഐസ്ആർടിസി സർവീസുകൾതന്നെ ഉണ്ടായിരുന്നപ്പോഴാണ് അധികൃതർ മുണ്ടക്കൈ റൂട്ടിലേക്കുള്ള സർവീസ് റദ്ദാക്കിയത്. എന്നാൽ ട്രിപ്പ് റദ്ദാക്കിയിട്ടില്ലെന്നും വിദ്യാർഥികൾ മുൻകൂട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് സർവീസ് നടത്തിയതെന്നാണ് കെഎസ്ആർടിസി ഡിപ്പോ അധികൃതർ പറയുന്നത്.