കടുത്തുരുത്തി: ഞീഴൂർ ശ്രീനിലയം ശ്യാംകുമാറിന്റെ വീട്ടിലെത്തുന്നവർ ആദ്യമൊന്നന്പരക്കും. ഏതെങ്കിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണോ തങ്ങൾ എത്തിയിരിക്കുന്നതെന്ന സംശയമാവും ഇവിടെയെത്തുന്നവർക്ക് ആദ്യം ഉണ്ടാവുക. കെഎസ്ആർടിസി ബസുകളെ പ്രണയിക്കുന്ന ശ്യാം നിർമിക്കുന്ന ബസുകളെലാം വീടിന്റെ മുറ്റത്തും പോർച്ചിലുമെല്ലാമായി പാർക്ക് ചെയ്തിരിക്കുന്ന കാഴ്ച്ച ഏവരെയും അദ്ഭുതപ്പെടുത്തുന്നതാണ്. കെഎസ്ആർടിസി ബസുകളുടെ കേരളത്തിലെ ഏല്ലാ മോഡലുകളും ശ്യാം നിർമിച്ചിട്ടുണ്ട്.
ചെറുപ്പം മുതലേ കെഎസ്ആർടിസി ബസുകളോടുള്ള ഇഷ്ടമാണ് ശ്യാമിനെ ആയിരകണക്കിന് രൂപ ചെലവഴിച്ചു ഓരോ ബസും നിർമിക്കാൻ പ്രേരിപ്പിച്ചത്. ഫാസ്റ്റ് പാസഞ്ചർ, വേണാട്, ഓർഡിനറി, ഡീലക്സ് ചുടങ്ങിയ എല്ലാ ബസുകളും ശ്യാമിന്റെ കരവിരുതിൽ പൂർണതയോടെ സൃഷ്ടിക്കപ്പെട്ടു. ബസുകൾക്കൊപ്പം നാഷണൽ പെർമിറ്റ് ലോറിയും ശ്യാം നിർമിച്ചിട്ടുണ്ട്. പഠനത്തിനിടയിൽ പെയിന്റിംഗ് ജോലിക്കു പോയി ഉണ്ടാക്കുന്ന പണമുപയോഗിച്ചാണ് ശ്യാമിന്റെ വാഹനനിർമാണം. തകിടും തടികളും പാഴ് വസ്തുക്കളും ഉപയോഗിച്ചാണ് നിർമാണം.
ഉളിയും ഹാക്സോ ബ്ലെയിഡും നിർമാണായൂധങ്ങൾ. രണ്ട് മാസമെങ്കിലും ഒരു വണ്ടി നിർമിക്കാൻ വേണ്ടി വരുമെന്ന് ശ്യാം കുമാർ പറയുന്നു. കെഎസ്ആർടിസിയുടെ ഏത് മോഡൽ നിരത്തിലിറങ്ങിയാലും ശ്യാം അതു നിർമിച്ചിരിക്കും. എട്ടാം ക്ലാസ്സിൽ പഠിക്കുന്പോളാണ് ആദ്യമായി ബസും ലോറിയും വിമാനവുമെല്ലാം ശ്യാം നിർമിച്ചു തുടങ്ങിയത്. ബസുകളുടെ വാതിലുകളും സീറ്റും ചില്ലിലെ എഴുത്തുമെല്ലാം ഒർജിനലിനെ വെല്ലുന്നവയാണ്.
വാഹനങ്ങളുടെ നിർമാണത്തിനായി വീടിന്റെ സമീപത്തായി കെഎൻകെ എന്ന പേരിൽ ഓട്ടോ മൊബൈൽ വർക്ക്ഷോപ്പും ശ്യാമിനുണ്ട്. അഞ്ചരയടി നീളമുള്ള ലക്ഷ്വറി ബസ് നിർമിക്കാനുള്ള തയാറെടുപ്പിലാണ് ശ്യാം. ഇതിനായി ബസിന്റെ ബോഡി ഉണ്ടാക്കിക്കഴിഞ്ഞു. ലൈറ്റുകളും സൗണ്ട് സിസ്റ്റവുമെല്ലാം കോർത്തിണക്കിയാണ് ബസിന്റെ നിർമാണം. കർണാടക സർക്കാരിന്റെ ബസും ശ്യാം നിർമിച്ചിട്ടുണ്ട്. ബാംഗ്ലൂർ സ്വദേശിയുടെ നിർദേശത്തെ തുടർന്നാണ് കർണാടക സർക്കാരിന്റെ ബസ് നിർമിച്ചത്. ഈ ബസ് ഇദ്ദേഹത്തിന് നൽകുമെന്നും ശ്യാം പറഞ്ഞു. കഐസ്ആർടിസി ബസിൽ ജോലി നേടൂകയെന്നതാണ് ശ്യാമിന്റെ സ്വപ്നം.