പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : കെഎസ്ആർടിസിയുടെ ഓടാതെ കിടക്കുന്ന 1300 ബസുകൾ നിരത്തിലിറക്കാൻ തീരുമാനം. ഇതിന് വേണ്ടി എല്ലാ യൂണിറ്റുകളിലും അധിക സമയ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കും. കോവിഡ് കാലത്തിന് ശേഷം 3400 ബസുകൾവരെ മാത്രമേ പ്രതിദിന സർവീസിന് ഉപയോഗിക്കാൻ കഴിയുന്നുള്ളൂ.
6300 ഓളം ബസുകൾ ഉണ്ടായിരുന്നതിൽ 1000ൽ അധികം പൊളിച്ചു വില്ക്കുകയും ചെയ്തു. ഇപ്പോൾ വിവിധ ജില്ലാ വർക്ക് ഷോപ്പുകളിലുള്ള 1300 ബസുകൾ കൂടി നിരത്തിലിറക്കാനാണ് നീക്കം.
നിലവിലുള്ള സർവീസുകൾ അതേ പോലെ നിലനിർത്തി കൊണ്ട് ഓടാതെ കിടക്കുന്ന ബസുകൾ നിരത്തിലിറക്കാനാണ് തീരുമാനം. പരമാവധി കൂടുതൽ ബസുകൾ ഓടിക്കും.
പ്രതിദിനം 30 ശതമാനം കിലോമീറ്ററുകൾ അധികമായി സർവീസ് നടത്തുകയും പ്രതിദിനവരുമാനം നിലവിലുള്ളതിന്റെ 35 ശതമാനം വർധിപ്പിക്കുകയുമാണ് ലക്ഷ്യം.
രാവിലെ 7 മുതൽ 11 വരെയും ഉച്ച കഴിഞ്ഞ് 3 മുതൽ 7 വരെയുമുള്ള പീക്ക്സമയങ്ങളിൽ പരമാവധി സർവീസുകൾ ഓപ്പറേറ്റ് ചെയ്യാനാണ് നിർദ്ദേശം.
ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർ ആഴ്ചയിൽ ആറ് ദിവസവും കൃത്യമായി ജോലി ചെയ്യണം. ഒരു ദിവസം പ്രതിവാര അവധി നിലനിർത്തിയിട്ടുണ്ടെങ്കിലും സ്ഥിരമായി ഒരേ ദിവസം പ്രതിവാര അവധി അനുവദിക്കില്ല.
ആഴ്ചയിൽ ഏറ്റവും കുറഞ്ഞത് 48 മണിക്കൂറും പരമാവധി 56 മണിക്കൂറും ഡ്യൂട്ടി ചെയ്തിരിക്കണം. നിലവിലുള്ള ഡ്യൂട്ടി സറണ്ടർ, സ്പ്രെഡ് ഓവർ അലവൻസ് എന്നിവയുടെ ആകെ തുകയെക്കാൾ കുറഞ്ഞ തുകയെ പുതിയ ഷെഡ്യൂളിൽ ഓവർ ടൈം അലവൻസായി നൽകുകയുള്ളൂ. ആഴ്ചയിൽ ഒരു ദിവസം അധിക സമയ സിംഗിൾ ഡ്യൂട്ടി നിർബന്ധമായും ചെയ്തിരിക്കണം.
സ്കൂൾ സീസൺ, ഓണം സീസൺ, ശബരിമല സീസൺ, വെക്കേഷൻ സീസൺ എന്നീ നാല് സമയങ്ങളിൽ പ്രത്യേകം ഷെഡ്യൂളുകൾ തയാറാക്കി അധിക സർവീസ് നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്.
അടുത്ത ആഴ്ച മുതൽ എല്ലാ ഡിപ്പോകളിലും അധിക സമയ സിംഗിൾ ഡ്യൂട്ടി ആരംഭിക്കാനും യാർഡിൽ കിടക്കുന്ന ബസുകൾ നിരത്തിലിറക്കാനുമാണ് നീക്കം നടത്തുന്നത്.