ചാത്തന്നൂർ: കെഎസ് ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം തിരിച്ചു വരുന്നു. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിക്കുകയും അധിക സമയ (സ്പ്രെഡ് ഓവർ ) ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കുകയും ചെയ്തിരുന്നു. അധിക സമയ ഡ്യൂട്ടി 12 മണിക്കൂർ വരെ നീണ്ടുപോയാലും ഒരു ഡ്യൂട്ടിയായി കണക്കാക്കി , ഒരു ഡ്യൂട്ടിയുടെ വേതനം മാത്രമാണ് നല്കിയിരുന്നത്. ഡ്രൈവർ, കണ്ടക്ടർ വിഭാഗം ഓപ്പറേറ്റിംഗ് ജീവനക്കാർ ഇതിൽ അസംതൃപ്തരായിരുന്നു.
സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഉടൻ ഓരോ ഡിപ്പോയിലെയും 50 ശതമാനം ഓർഡിനറി സർവീസുകളിൽ നടപ്പാക്കണമെന്നാണ് ചീഫ് ട്രാഫിക് ഓഫീസറുടെ നിർദേശം. പുതിയ നിർദ്ദേശമനുസരിച്ച് ഒരു ഡ്യൂട്ടിയിൽ ഏഴ് മണിക്കൂർ സ്റ്റിയറിംഗ് (ഫിസിക്കൽ ) ഡ്യൂട്ടി ചെയ്താൽ മതി. അധിക സമയം എടുത്താൽ (സ്പ്രെഡ് ഓവർ ) ആ അധിക സമയത്തിനും അലവൻസ് ലഭിക്കും.
12 മണിക്കൂർ വരെ നീണ്ടു പോകുന്ന ഒന്നര ഡ്യൂട്ടിക്ക് 10.30 മണിക്കൂർ ഫിസിക്കൽ ഡ്യൂട്ടിയും അത് കഴിഞ്ഞുള്ള അധിക സമയത്തിന് പ്രതിഫലവും കിട്ടും.
16 മണിക്കൂർ വരെ നീണ്ടു പോകുന്നതാണ് ഡബിൾ ഡ്യൂട്ടി . ഇതിൽ 14മണിക്കൂർ ഫിസിക്കൽ ഡ്യൂട്ടിയും അധിക സമയത്തിന് അലവൻസും ആണ്. ഭക്ഷണം വിശ്രമം തുടങ്ങിയ ഡ്യൂട്ടിയ്ക്കിടയിലുള്ള കാര്യങ്ങൾക്കാണ് സ്പ്രെഡ് ഓവർ സമയം. ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് വളരെയേറെ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.
കെ എസ് ആർടിസിയിൽ പുതിയ മന്ത്രിയും ഡി എംഡിയും ചുമതലയേറ്റതോടെ സുശീൽഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്ന പല തീരുമാനങ്ങളും മാറ്റികൊണ്ടിരിക്കയാണ്.
പ്രദീപ് ചാത്തന്നൂർ