ഇടിവണ്ടിയിൽ ബംഗളൂരുവിൽ നിന്നു കയറി സ്വന്തം സ്ഥലത്ത് ഇറങ്ങാൻ കഴിയാത്തവർ ധാരാളം. ഈ ബസിനെ ഓവർടേക്ക് ചെയ്താൽ തല്ലികൊല്ലാൻ ശ്രമിക്കുന്ന ഗുണ്ടാനേതാക്കൾ ധാരാളം. തൃശൂർ സ്റ്റാൻഡിൽ പോകാൻ ബസിൽ കയറിയ യുവാവിനെ മണ്ണുത്തിയിൽ ഇറക്കിവിടാൻ നോക്കിയ സംഭവം നടന്ന നാടാണിത്.
മണ്ണുത്തിയിൽ ഇറങ്ങാതെ ബസിൽ തന്നെ ഇരുന്ന യുവാവിനെ ഇറക്കിവിടാനുള്ള നീക്കം പരാജയപ്പെട്ടു. അവസാനം ഓട്ടോറിക്ഷക്കാരനു പണം നല്കി കയറ്റി വിട്ട സംഭവം ഈ നാട്ടിൽ ഉണ്ടായിട്ടുണ്ട്. അർധരാത്രിയിൽ ഏതെങ്കിലും വഴിയിൽ സ്ത്രീകളെയും കുട്ടികളെയും ഇറക്കിവിട്ടശേഷം പാഞ്ഞു പോകുന്ന ഇത്തരം ബസുകളെ നിയന്ത്രിക്കണം.
ആർക്കും പരാതി പറയാൻ ഭയമാണ്. എന്തിന് അധികം പറയുന്നു. മൂന്നു യുവാക്കളെ മർദിക്കുന്പോൾ നോക്കി ഇരുന്നവർ സ്ത്രീകളായിരുന്നില്ല. ഈ കൂട്ടത്തിൽ യുവാക്കളും നല്ല ആരോഗ്യമുള്ള മധ്യവയസ്ക്കരുമുണ്ടായിരുന്നു. ആരും ഒന്നും പറഞ്ഞില്ല. യാത്രക്കാർ ഒരിക്കലും ഒന്നിച്ചുനിൽക്കില്ല. അതാണ് പ്രശ്നം. എനിക്ക് എന്റെ കാര്യം മാത്രം എന്ന ചിന്തയുമായി നടക്കുന്നവരാണിത്. സ്വകാര്യ വോൾവോ ബസിനെ ഓവർടേക്ക് ചെയ്തതിനാണ് ഒരു യുവാവിനു മർദനമേറ്റത്. ഇതാണ് നാടിന്റെ അവസ്ഥ. പണമുണ്ടെങ്കിൽ നിയമങ്ങളെല്ലാം കാറ്റിൽ പറക്കും.
അമിതവേഗതയിൽ പായുന്നു
ബംഗളൂരു, കോയന്പത്തൂർ ഉൾപ്പടെയുള്ള ഇതരസംസ്ഥാനങ്ങളിലേക്ക് ദിനംപ്രതി രാവിലെയും വൈകിട്ടും സർവീസ് നടത്തുന്ന വൻകിട ടൂറിസ്റ്റ് കന്പനിക്കാർ ലക്ഷം രൂപ വരെയാണ് ഒരു മാസം അമിതവേഗത്തിന് പിഴ കൊടുത്ത് തടിയൂരുന്നത്. കൊല്ലത്തിനു പുറമേ തലസ്ഥാന നഗരിയിൽ നിന്നുമുൾപ്പടെ നിരവധി ബസുകളാണ് പ്രതിദിന ബംഗളൂരു സർവീസ് നടത്തുന്നത്.
നിയമം അനുവദിക്കുന്ന പരമാവധി വേഗ പരിധി സംസ്ഥാനത്തു 65 മുതൽ 70 കിലോ മീറ്റർ വരെയാണെന്നിരിക്കെ 160 കിലോമീറ്റർ വേഗത്തിൽ വരെ നിരത്തിലൂടെ ഹൈടെക് ബസുകൾ ചീറിപ്പായുന്നതായി പോലീസ് കാമറകളിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ, തുടർച്ചയായി അമിതവേഗത്തിൽ ഓടുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾക്ക് അധികൃതർ വിമുഖത കാട്ടുകയാണ്. ഉന്നതങ്ങളിൽ സ്വാധീനമുള്ള ബസ് മുതലാളിമാരുടെ സമ്മർദത്തിന് വഴങ്ങി പേരിന് മാത്രം നടപടിയെടുക്കുന്നുണ്ടെന്ന് വരുത്തി തീർക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്.
സംസ്ഥാനത്ത് വേഗപ്പൂട്ട് നിർബന്ധമായതിനാൽ ഇത് ബാധകമാക്കാത്ത കർണാടക സംസ്ഥാനത്ത് രജിസ്ട്രേഷൻ നടത്തിയാണ് ഈ ബസുകളിൽ ഏറിയ പങ്കും നിരത്തുകളിൽ വിലസുന്നത്. ജനങ്ങളുടെ ജീവനെടുത്ത് ചീറിപ്പായുന്ന ഹൈടെക് ബസുകൾക്ക് വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിനും നിയമം കർശനമാക്കുന്നതിനും അധികൃതർ അലംഭാവം തുടർന്നാൽ നിരവധി ജീവനുകൾ ഇനിയും നിരത്തുകളിൽ പിടഞ്ഞ് മരിക്കുന്നത് കാണേണ്ടി വരും.
തല്ലിക്കൊല്ലില്ല, പോരുന്നോ?
കെഎസ്ആർടിസിയുടെ ഫേസ് ബുക്ക് പേജ് വൈറലായിരിക്കുകയാണ്. ജനം പറയാനും തുടങ്ങിയിരിക്കുന്നു. കെഎസ്ആർടിസിയാണ് നല്ലതെന്ന്. കെഎസ്ആർടിസി ഫേസ് പേജിൽ പറയുന്നു: പരിമിതികൾ ഉണ്ട് പക്ഷേ, തല്ലി കൊല്ലില്ല, പോരുന്നോ ബംഗളൂരുവിന്’ എന്ന തലക്കെട്ടോടെ കെഎസ്ആർടിസിയുടെ ബംഗളൂരു സർവീസുകൾ വിവരിക്കുന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. കെഎസ്ആർടിസി ആലപ്പുഴയുടെ ഫേസ്ബുക്ക് പേജാണ് ഈ വൈറൽ പോസ്റ്റിന് പിന്നിൽ. സ്വകാര്യ കന്പനികൾക്ക് വൻതുക നൽകി സുരക്ഷിതമല്ലാത്ത യാത്ര ഇനി വേണ്ടെന്ന് പറയുന്ന പോസ്റ്റിൽ കെഎസ്ആർടിസിയുടെ ബംഗളൂരു മൾട്ടി ആക്സിൽ എസി സർവീസുകളുടെ സമയവിവര പട്ടിക ഉൾപ്പെടുത്തിയിട്ടുണ്ട്.
ബംഗളൂരുവിലേക്കും ബംഗളൂരുവിൽ നിന്നും സേലം, മൈസൂർ വഴിയുള്ള കെഎസ്ആർടിസി സർവീസുകളുടെ സമയക്രമം വ്യക്തമായി ഇതിൽ വിവരിക്കുന്നുണ്ട്. ബുക്ക് ചെയ്യേണ്ട ആപ്ലിക്കേഷനും ഓണ്ലൈൻ റിസർവേഷൻ നന്പറുകളും കസ്റ്റമർ കെയർ നന്പറുമെല്ലാം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓണ്ലൈൻ, കൗണ്ടർ റിസർവേഷൻ ആലപ്പുഴയിൽ ലഭ്യമാണെന്ന് പോസ്റ്റിൽ പ്രത്യേകം എടുത്തുപറയുന്നു.
ഏപ്രിൽ 22നാണ് കെഎസ്ആർടിസി ആലപ്പുഴ ഇത് പോസ്റ്റ് ചെയ്തത്. നിമിഷങ്ങൾക്കുള്ളിലാണ് പോസ്റ്റ് ഫേസ്ബുക്കിലും വാട്സാപിലും ടെലിഗ്രാമിലുമെല്ലാം ഹിറ്റായത്. ഫേസ്ബുക്ക് പോസ്റ്റിന് താഴെ കെഎസ്ആർടിസി യാത്രാനുഭവ കുറിപ്പുകൾ കമൻറുകളായെത്തിയതോടെ പോസ്റ്റിന് സ്വീകാര്യതയുമേറി.
ഇവിടെ കുറച്ചു ദിവസത്തേക്കു പരിശോധനകൾ നടക്കും. പ്രതികളെ കുറിച്ചു വിവരണങ്ങൾ വായിക്കാൻ നമ്മൾ മത്സരിക്കും. പക്ഷേ, ഇതെല്ലാം കുറച്ചു ദിവസത്തേക്കു മാത്രം. ഒരു കല്ലട ഓഫീസിലെ മാനേജർ പറഞ്ഞതു പോലെ ഇപ്പോൾ വെറൊരു വിഷയമില്ലാത്തതു കൊണ്ട് കല്ലടയെ കൊല്ലുന്നു. ഇതെല്ലാം ഒരാഴ്ച കഴിയുന്പോൾ മാറും. ഈ സംഭവം നടന്ന ദിനം മുതൽ ഇന്നുവരെ ബസുകൾ ഫുളായി ഓടുന്നു. ഇപ്പോൾ പ്രതികളായിരിക്കുന്നവർ ഇനിയും ബസിൽ കാണും. ഒന്നും സംഭവിക്കില്ല. കാണേണ്ടവരെ കാണും. കണ്ടിരിക്കും. കേരളമല്ലേ, ഈ സംഭവത്തിന്റെപേരിൽ കൂടുതൽ പണം കൊടുക്കേണ്ടി വരുമെന്നു മാത്രം.
സൂര്യനാരായണൻ