കായംകുളം: ദേശീയപാതയിൽ കെഎസ്ആർടിസി ദീർഘദൂര സർവീസ് ബസുകൾ ഉൾപ്പടെയുള്ള ബസുകളുടെ അമിതവേഗതയും ഡ്രൈവർമാരുടെ അലക്ഷ്യമായ ഡ്രൈവിങ്ങും യാത്രക്കാരുടെ ജീവനെടുക്കുന്നു. ഇതിനെതിരെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലുൾപ്പടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദേശീയപാതയിൽ ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ അമിതവേഗതയിൽ മറ്റൊരു വാഹനത്തെ മറികടന്ന് അലക്ഷ്യമായെത്തിയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് കാറിലിടിച്ചതിനെ തുടർന്ന് വിദ്യാർഥിനിയ്ക്ക് ദാരുണ അന്ത്യം സംഭവിച്ചിരുന്നു.
സതേണ്‍ റെയിൽവേ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഓച്ചിറ മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കരുനാഗപ്പള്ളി ഇടക്കുളങ്ങര മണ്ണേൽ നജീബിന്റെ മകൾ ഫാത്തിമ(21 )ആണ് മരിച്ചത്. പരിക്കേറ്റ ഫാത്തിമയുടെ പിതാവ് നജീബ് മണ്ണേലും, മാതാവ് സുജ സഹോദരൻ മുഹമ്മദ് അലി എന്നിവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഗുരുതര പരിക്കേറ്റ മുഹമ്മദ് അലിയുടെ വലതുകൈ മുട്ടിന് മുകളിൽ മുറിച്ചു മാറ്റേണ്ടിവന്നു.
അപകടം നടന്ന ഉടൻ അതുവഴി പോയ യാത്രക്കാരും കരീലക്കുളങ്ങര പോലീസും എമർജൻസി റെസ്ക്യൂ ടീം പ്രവർത്തകരും കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. കളമശേരി എസ്സിഎംഎസ് കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിനിയായിരുന്നു ഫാത്തിമ. കബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കരുനാഗപ്പള്ളി തൊടിയൂർ പാലോളിക്കുളങ്ങര മസ്ജിദിൽ നടക്കും.
ബസിന്റെ അമിതവേഗതയും ഡ്രൈവറുടെ അനാസ്ഥയുമാണ് അപകടത്തിന് കാരണമെന്ന് മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അപകടം നടന്നപ്പോൾ അപകടത്തിൽപ്പെട്ടവരെ സഹായിക്കാതെ അപകട സ്ഥലത്ത് നിന്നും മാറ്റി നിർത്തിയ ബസിൽ നിന്നും ഓടി രക്ഷപ്പെടാനാണ് ഡ്രൈവർ ശ്രമിച്ചതെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കായംകുളം ജോയിൻറ് ആർടിഒ ക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാത്രിയിൽ ലൈറ്റ് ഡിം ചെയ്യാതെ അമിതവേഗതയിൽ കെഎസ്ആർടിസി ബസുകൾ മറ്റ് വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതാണ് അപകടത്തിനിടയാക്കുന്നത്. കൂടാതെ റോഡിന് മധ്യത്തിൽ വാഹനങ്ങൾ സഞ്ചരിക്കേണ്ട ദിശ ലൈൻ വരച്ച് നൽകിയിട്ടുണ്ടെങ്കിലും പകൽ സമയങ്ങളിൽ ദിശ മാറി അമിതവേഗതയിൽ സഞ്ചരിച്ചും എതിരെ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത തരത്തിൽ ലൈനിൽ നിന്നും മധ്യത്തിലേക്ക് മാറി ബസ് ഓടിക്കുന്ന കെസ്ആർടിസി ഡ്രൈവർമാരുടെ അലക്ഷ്യമായ ഡ്രൈവിങ്ങും ഇപ്പോൾ യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്.