കാഞ്ഞിരപ്പള്ളി: രാത്രിയിൽ ബൈക്ക് അപകടത്തിൽ ചോര വാർന്നു റോഡിൽ കിടന്ന രണ്ടുപോരെ കോരിയെടുത്ത് കെഎസ്ആർടിസി ജീവനക്കാർ ആശുപത്രിയിലെത്തിച്ചു. രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരുജീവൻ രക്ഷിക്കാനാവാത്തതിന്റെ വേദനയിലാണ് കെഎസ്ആർടിസി ഡ്രൈവറായ കെ.സി. പുന്നൂസും കണ്ടക്ടറായ മുരിക്കുംവയൽ തൊഴുത്തുങ്കൽ ടി.കെ. സന്തോഷ് മോനും.
കണ്ണിമല കാട്ടിപുരയ്ക്കൽ തോമസിന്റെ മകൻ ടി.കെ. ബിജോ (25) ആണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന എരുമേലി വാഴക്കാല മറ്റത്തുമുണ്ടയിൽ അതുൽ വിജയ (25) നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തിന് ഇരുപത്തിയാറാം മൈൽ മേരീ ക്യൂൻസ് ആശുപത്രിക്ക് സമീപമാണ് സംഭവം.
നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. പാലക്കാട് നിന്നും എരുമേലിയിലേക്കു പോവുകയായിരുന്നു എരുമേലി ഡിപ്പോയിലെ ബസിലെ ജീവനക്കാർ ഒന്നാം മൈലിനു സമീപമെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടു റോഡിൽ കിടക്കുന്ന യുവാക്കളെ കണ്ടത്.
ഉടൻ ബസ് നിർത്തിയിറങ്ങി. ഈ സമയം അതുവഴി നാലു കാറുകൾ കടന്നു പോയെങ്കിലും സഹായം ആവശ്യപ്പെട്ടിട്ട് ആരും കാർ നിർത്തിയില്ലെന്ന് ഇരുവരും പറയുന്നു. ഡ്രൈവർ പുന്നൂസ് ബസ് തിരിച്ചു പരിക്കേറ്റവരെ കയറ്റാൻ തുടങ്ങുന്നതിനിടെ അതുവഴി പിക്കപ് വാൻ എത്തി. അതിലാണ് പിന്നീട് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.