ചാത്തന്നൂർ: ആഴ്ചയിൽ ശരാശരി ഓരോ കെ എസ് ആർ ടി സി ജീവനക്കാരന് ജീവൻ നഷ്ടമാകുന്നു.വിവരാവകാശ നിയമപ്രകാരം പെരിന്തൽമണ്ണ ഡിപ്പോയിലെ ജീവനക്കാരന് ലഭിച്ച മറുപടിയിലാണ് കഴിഞ്ഞ ആറ് വർഷങ്ങളിലെ സർവീസിലിരിക്കേയുള്ള ജീവനക്കാരുടെ മരണ കണക്ക് വ്യക്തമാക്കുന്നത്.
മറ്റ് സർക്കാർ വിഭാഗങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ , സ്വകാര്യസ്ഥാപനങ്ങൾ തുടങ്ങി ഒരു മേഖലയിലുമില്ലാത്തത്ര മരണ നിരക്കാണ് 26000 ജീവനക്കാരുള്ള കെ എസ് ആർ ടി സി യിൽ. കെ എസ് ആർ ടി സി ജീവനക്കാരുടെ ഭീകരമായ മരണ നിരക്കിനെക്കുറിച്ച് സർക്കാരും പൊതു സമൂഹവും ഗൗരവമായ പഠനം നടത്തേണ്ട സാഹചര്യമാണ്.
സ്വന്തം ജീവനക്കാരുടെ സർവീസിലിരിക്കേയുള്ള മരണത്തെക്കുറിച്ച് രേഖകൾ ശരിയായി ക്രോഡികരീക്കാൻ കഴിഞ്ഞിട്ടില്ലെന്നും കെഎസ്ആർടിസി .
അമിതമായ അധ്വാനഭാരംമൂലമുണ്ടാക്കുന്ന ശാരീരികമായ വ്യഥകളും രോഗങ്ങളും, കഠിനമായ ജോലിഭാരം കൊണ്ടുണ്ടാകുന്ന മാനസിക സമ്മർദ്ദം , യഥാസമയം ശമ്പളം കിട്ടാത്തതിനാലുള്ള ഉത്ക്കണ്ഠയും അപമാനഭാരവുംതുടങ്ങിയവയാണ് പ്രധാന മരണ കാരണമായി ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റീസ് ചൂണ്ടിക്കാട്ടുന്നത്.
അതേ സമയം അപകടം , അപകടത്തെത്തുടർന്നുണ്ടാകുന്ന ഗുരുതരമായ പരിക്കുകൾ തുടങ്ങിയവ മുഖേനയുള്ള മരണനിരക്ക് കുറവാണെന്നും ജീവനക്കാർ വ്യക്തമാക്കുന്നു.
സർവീസിലുള്ള ഒരു ജീവനക്കാരൻ മരിച്ചത് രോഗങ്ങൾ മൂലമോ അപകടത്തിലോ ആത്മഹത്യയാണോ എന്ന വിവരം പോലും കെ എസ് ആർ ടി സി സൂക്ഷിക്കുന്നില്ല.
മാനസിക സമ്മർദ്ദവും ഉന്നതരുടെ പീഡനവും മൂലം പാപ്പനംകോട്ട് ഡിപ്പോ എഞ്ചിനീയർ ആത്മഹത്യ ചെയ്തത്പോലെയുള്ള മരണങ്ങൾ, ഉന്നതരുടെ ഭീഷണി മൂലം പാറശാലയിൽ കൺട്രോളിംഗ് ഇൻസ്പെക്ടർ കുഴഞ്ഞു വീണത് പോലെയുള്ള സംഭവങ്ങൾ കെ എസ് ആർ ടി സി യിൽ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ആറ് വർഷത്തെ കണക്ക് ഇങ്ങനെ:2016 – ൽ 45, 2017 – ൽ 29, 2018 – ൽ 47, 2019 – ൽ 55, 2020-ൽ 50, 2021-ൽ 63 എന്നിങ്ങനെയാണ് ലഭിച്ചിട്ടുള്ള മരണസംഖ്യ .
282 ജീവനക്കാർ. 2022 ലെ കണക്ക് രേഖപ്പെടുത്തിയിട്ടില്ല. കോവിഡും ഒരു മരണകാരണമായിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷമായി ആഴ്ചയിൽ ഒരു ജീവനക്കാരന് വീതമാണ് ജീവൻ നഷ്ടമാകുന്നതെന്ന് കെ എസ് ആർ ടി സി യുടെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നു.