കാട്ടാക്കട : മകൾക്ക് മുന്നിൽ വച്ച് അച്ഛനെ മർദിച്ച കെ എസ് ആർ ടി സി ജീവനക്കാരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.
ആക്രമണം നടത്തിയ കണ്ടാൽ അറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് കാട്ടാക്കട പോലീസ് കേസെടുത്തത്. കയ്യേറ്റം ചെയ്യൽ , സംഘം ചേർന്ന് ആക്രമിക്കൽ , ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കാട്ടാക്കട ആമച്ചൽ സ്വദേശി പ്രേമനനാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്. മകൾ രേഷ്മയെ ആക്രമണത്തിനിടെ തള്ളി മാറ്റിയതിന് കേസെടുത്തിട്ടില്ല.
യൂണിയൻ നേതാക്കൾ ഉൾപ്പെട്ട കേസായതിനാൽ അറസ്റ്റ് വൈകിപ്പിക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുമെന്ന വിമർശനം ശക്തമാണ്.
രേഷ്മയുടെ മൊഴി രേഖപ്പെടുത്തി കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തണമെന്നാണ് ഇരുവരുടേയും ആവശ്യം . സംഭവത്തില് മകള് രേഷ്മയുടേയും സുഹൃത്തിന്റേയും മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
നിലവിൽ കാട്ടാക്കട ആശുപത്രിയിൽ ചികിൽസയിലാണ് പ്രേമനൻ.സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഒരാൾ സി.ഐ.ടി.യു നേതാവും മറ്റൊരാൾ ടി.ഡി.എഫ് നേതാവുമാണ്.
ഇനിയും പേടി മാറാതെ രേഷ്മ
കൺമുന്നിൽ അച്ഛന് ക്രൂരമായ മർദ്ദനമേൽക്കുന്നത് കണ്ണീരോടെ കാണേണ്ടി വന്ന രേഷ്മയ്ക്ക് ഇന്നലെത്തെ സംഭവത്തിന്റെ പേടി ഇന്നും മാറിയിട്ടില്ല.
പരീക്ഷ എങ്ങനെയെങ്കിലും ഒന്നെഴുതിത്തീർത്ത് അവൾ ഓടിയെത്തിയത് അച്ഛന്റെയടുത്തേക്ക്. വൈകിട്ട് ആശുപത്രിയിലെത്തിയ രേഷ്മ അച്ഛന്റെ സമീപത്തുനിന്നും പിന്നെ മാറിയില്ല. സംഭവത്തെപ്പറ്റി രേഷ്മ പറയുന്നു- “”അച്ഛൻ കൺസഷൻ കൗണ്ടറിൽ നിൽക്കുമ്പോഴാണ് ഞാനും കൂട്ടുകാരിയും തൊട്ടപ്പുറത്തേക്ക് പോയത്.
തിരികെ വന്നപ്പോൾ അച്ഛന് നേരെ ജീവനക്കാരുടെ ആക്രോശമാണ് കണ്ടത്. ഭയന്നുപോയ ഞാൻ അച്ഛനെ വിളിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ രണ്ടുമൂന്ന് ജീവനക്കാർ കൂടിയെത്തി.
ഒരു സെക്യൂരിറ്റി ജീവനക്കാർ ഓടിയെത്തി അച്ഛന്റെ കഴുത്തിന് കുത്തിപ്പിടിച്ചു വലിച്ചിഴച്ച് കൗണ്ടറിന് സമീപമുള്ള ഗ്രില്ലിട്ട മുറിയിൽ തള്ളിയിടാൻ ശ്രമിച്ചു.
എന്റെ അച്ഛനെ ഒന്നും ചെയ്യല്ലേ എന്ന് നിലവിളിച്ചുകൊണ്ട് ഞാൻ ഓടി അടുത്തെത്തിയെങ്കിലും എന്നെയും വെറുതെ വിട്ടില്ല. ബലപ്രയോഗത്തിൽ എനിക്കും മർദ്ദനമേറ്റു.
അച്ഛനെ ശക്തിയോടെ നാലുപേർ ചേർന്ന് തള്ളി മുറിക്കുള്ളിലിട്ടു. ജീവനക്കാർക്ക് ഇരിക്കാനായി പണിത സിമന്റ് ഇരിപ്പിടത്തിൽ നടുവ് ഇടിച്ചാണ് അച്ഛൻ വീണത്.
ഇവർ അച്ഛനെ ക്രൂരമായി മർദ്ദിക്കാനുള്ള ശ്രമമാണ് എന്ന് മനസ്സിലാക്കിയതോടെ 200 മീറ്ററോളം അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് ഞാനും കൂട്ടുകാരിയും ഓടി.
പോലീസിനോട് കാര്യം പറഞ്ഞു. താമസിയാതെ അവരെത്തിയാണ് അച്ഛനെ പൂട്ടിയിട്ട മുറിയിൽ നിന്നും പുറത്തിറക്കിയത്. നടക്കാൻ വയ്യാത്ത നിലയിലാണ് അച്ഛൻ പുറത്തിറങ്ങിയത്.
അവിടെ വന്ന പോലീസുകാർ പറഞ്ഞതനുസരിച്ചാണ് ഞാൻ അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പോലീസുകാർ തന്നെയാണ് ഓട്ടോറിക്ഷ ഏർപ്പാട് ചെയ്തു തന്നത്.
അച്ഛനെ ഇങ്ങനെ ക്രൂരമായി മർദ്ദിക്കാൻ മോശമായി ഒരു വാക്കുപോലും അച്ഛൻ സംസാരിച്ചില്ല. കെഎസ്ആർടിസി ജീവനക്കാർ ആക്രോശിക്കുമ്പോൾ പോലും അച്ഛൻ മറുപടി പറഞ്ഞില്ല.
ഭയന്നു നിൽക്കുകയായിരുന്നു.” തന്നെ കയ്യേറ്റം ചെയ്തവർക്കതതിരെയും കേസെടുക്കണമെന്നും പിന്തിരിയാതെ മുന്നോട്ടു പോകുമെന്നും രേഷ്മ പറഞ്ഞു.
പ്രതിഷേധം വ്യാപകം
കാട്ടാക്കടയിലെ മർദ്ദനത്തിൽ വ്യാപക പ്രതിഷേധം.വിവിധ രാഷ്ട്രീയ പാർട്ടിപ്രവർത്തകരും സംഘടനകളും വിദ്യാർഥിപ്രസ്ഥാനങ്ങളും പ്രതിഷേധവുമായി കാട്ടാക്കട ഡിപ്പോയിലേക്ക് മാർച്ച് നടത്തി.
സിപിഐ കാട്ടാക്കട ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തിയ മാർച്ച് അക്രമാസക്തമായി.സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമിച്ചതിനെ തുടർന്ന് ഉന്തും തള്ളുമായി.
മണ്ഡലം സെക്രട്ടറി ചന്ദ്രബാബു മാർച്ച് ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ മാർച്ച് നടന്നു.എ ഐ വൈഎഫ് , കെഎസ്യു എന്നിവർ മാർച്ച് നടത്തി.
പ്രതിഷേധിക്കാൻ വന്നാൽ സംഘട്ടനം സ്ഥിരം സംഭവമാണ് കാട്ടാക്കടയിൽ. കഴിഞ്ഞ കുറെനാളായി ഇവിടെ നടക്കുന്ന പരിപാടിയാണെന്ന് നാട്ടുകാർ പറയുന്നു.
പരാതി ബോധിപ്പിക്കാൻ വന്നാലോ വിവരം തിരക്കിയലോ ജീവനക്കാർ മറുപടി പറയാറില്ല. എന്തെങ്കിലും മറുത്ത് പറഞ്ഞാൽ ഭീഷണിയായി. ഇതു കാരണം ആരും ഇവർക്കെതിരെ നടപടികളിലേക്ക് പോകാറില്ല.