കാട്ടാക്കട : കെഎസ്ആർടിയി ജീവനക്കാർ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദിച്ച സംഭവത്തിൽ ആഴ്ച ഒന്നു കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാതെ പോലീസ്.
പ്രതികൾ ഫോൺ ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്ന വിശദീകരണം. കാട്ടാക്കട ഡിവൈഎസ്പി നേതൃത്വം നൽകുന്ന 9 അംഗ സംഘം പ്രതികൾക്കായി വലവിരിച്ചെന്നും അവർ ഒളിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ അന്വേഷണം നടത്തിയെന്നും പോലീസ് പറയുന്നു.
പ്രതികളുടെ ബന്ധുക്കളെ ചോദ്യം ചെയ്തു കഴിഞ്ഞു. അതിനിടെ മർദ്ദനമേറ്റ അച്ഛനേയും മകളേയും കുറ്റപ്പെടുത്തി പുതിയ ന്യായീകരണവുമായി കെഎസ്ആർടിസി തൊഴിലാളിയൂണിയൻ രംഗത്തു വന്നു.
മർദ്ദനമേറ്റ പ്രേമനൻ വളരെ മോശമായാണ് ജീവനക്കാരോട് സംസാരിച്ചതെന്നും അസഭ്യം പറഞ്ഞെന്നുമാണ് ഇവരുടെ ന്യായം.
രണ്ടു പ്രാവശ്യം തള്ളിക്കയറി വന്നെന്നും അതിനാലാണ് സെക്യൂരിറ്റി ഇടപെട്ട് പ്രേമനനെ ഓഫീസിൽ കൊണ്ടുപോകാൻ ശ്രമിച്ചതെന്നും അവരിൽ നിന്നും തള്ളിമാറി പോകുന്നതാണ് ദ്യശ്യങ്ങളിൽ ഉള്ളതെന്നും അവർ പറയുന്നു.
ജീവനക്കാർ തല്ലിയിട്ടില്ലെന്നും ഇവർ വിശദീകരിക്കുന്നു. ഈ വിശദീകരണവുമയി സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും രംഗത്തു വന്നു . കാട്ടാക്കടയിൽ സിഐടിയൂ ജില്ലാ സമ്മേളനം നടക്കുകയാണ്.
അത് കഴിഞ്ഞേ പ്രതികളെ പിടിക്കൂ എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇന്ന് കോടതി ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്.
കാട്ടാക്കടയിൽ ഇന്നലെ ആരംഭിച്ച സിഐടിയു ജില്ലാ സമ്മേളനത്തിലും ഈ വിഷയം ചർച്ചയായി. ചുരുക്കം ചില പ്രതിനിധികൾ ജീവനക്കാരുടെ ഈ ചെയ്തിയെ തള്ളിപ്പറഞ്ഞു.
സിഐടിയുവിന് ക്ഷീണമുണ്ടാക്കി എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ ഭൂരിഭാഗവും ജീവനക്കാർക്ക് ഒപ്പമാണ് നിന്നത്.
ഇന്ന് സമാപിക്കുന്ന സമ്മേളനത്തിൽ വിഷയം വീണ്ടും വരാൻ സാധ്യതയേറിയിരിക്കുകയാണ്.ഇന്നലെ സംസ്ഥാന നേതാക്കൾ എത്തി തൊഴിലാളികളുമായി ചർച്ച നടത്തിയിരുന്നു.
കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇന്നത്തെ കോടതി വിധിക്ക് ശേഷം മതി കീഴടങ്ങൽ എന്ന നിലപാടിൽ എത്തിച്ചേരുകയായിരുന്നു.
കെഎസ്ആർടിസി ഡിപ്പോ ഗ്രൗണ്ടിലാണ് സമാപനസമ്മേളനം സിപിഎം സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നത്.