തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കൂട്ട സ്ഥലംമാറ്റം. ഡ്രൈവർ, കണ്ടക്ടർ തസ്തികകളിൽ ജോലി ചെയ്യുന്ന 5000 ജീവനക്കാർക്കാണ് വീടിനടുത്തുള്ള യൂണിറ്റുകളിലേക്ക് സ്ഥലംമാറ്റം നൽകുന്നത്. ഇതു സംബന്ധിച്ച കരട് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സംബന്ധിച്ച ആക്ഷേപങ്ങൾ അടുത്ത മാസം പത്തു വരെ സമർപ്പിക്കാം.
കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ജീവനക്കാർ ആഴ്ചയിൽ ആറു ദിവസവും ജോലിക്കെത്തേണ്ടതുണ്ട്. ഇതിനു സഹായകമായ രീതിയിലുള്ള ക്രമീകരണമാണ് സ്ഥലംമാറ്റത്തിലൂടെ നടപ്പിൽ വരുത്തുന്നത്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു നടപടി.
പൊതുസ്ഥലംമാറ്റ പട്ടികയുടെ മാതൃകയിലാണ് നടപടിക്രമം. ആക്ഷേപം ഒഴിവാക്കുന്നതിനായി കരട് പട്ടികയാണ് ശനിയാഴ്ച പ്രസിദ്ധീകരിച്ചത്. അച്ചടക്ക നടപടി നേരിടുന്നവരെ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇത്തരക്കാർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം ജീവനക്കാർക്ക് അറിയിക്കാം. എല്ലാ യൂണിറ്റുകളിലും നോട്ടീസ് ബോർഡിൽ കരട് പട്ടിക പ്രസിദ്ധീകരിക്കണമെന്ന് എംഡി ടോമിൻ തച്ചങ്കരി കർശന നിർദേശവും നൽകിയിട്ടുണ്ട്.
മാതൃയൂണിറ്റിലേക്കു മാറ്റം നൽകിയിട്ടുണ്ടെങ്കിലും മറ്റു യൂണിറ്റുകളിലേക്കുമാറാൻ ആഗ്രഹമുള്ളവർക്ക് വീണ്ടും അപേക്ഷ നൽകാൻ കഴിയും. കണ്ടക്ടർമാരിൽ ഭൂരിഭാഗവും തെക്കൻ ജില്ലകളിൽ നിന്നുള്ളവരും ഡ്രൈവർമാരിൽ ഭൂരിപക്ഷം വടക്കൻ ജില്ലകളിൽ നിന്നുള്ളവരുമാണ്. ഇക്കാരണത്താൽ ഇവരെ ഫലപ്രദമായി വിന്യസിക്കാനുള്ള ശ്രമം മാനേജ്മെന്റ് ഏറെക്കാലമായി നടത്തുന്നുണ്ടായിരുന്നു.
കാലങ്ങളായി തൊഴിലാളി സംഘടനകളാണ് കെഎസ്ആർടിസിയിൽ സ്ഥലംമാറ്റ പ്രക്രിയ നിയന്ത്രിച്ചിരുന്നത്. പുതിയ സന്പ്രദായം നടപ്പിലാക്കുന്നതിലൂടെ യൂണിയൻ ഓഫീസുകളിൽ നിന്നും സ്ഥലമാറ്റ പട്ടിക തയാറാക്കുന്ന പതിവു സന്പ്രദായത്തിന് അവസാനമാവുകയാണ്.