ചാത്തന്നൂർ: വീണ്ടും ബസുകൾ വാങ്ങാനുള്ള കെഎസ്ആർടിസിയുടെ ശ്രമം വിജയിക്കുന്നു. സംസ്ഥാനതല വർക്കിംഗ് കമ്മിറ്റി കഴിഞ്ഞ ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ 63 കോടി രൂപ പ്ലാൻ ഫണ്ട് ഇനത്തിൽ കെഎസ്ആർടിസിക്ക് ബസുകൾ വാങ്ങുന്നതിന് അനുവദിക്കാൻ തീരുമാനിച്ചു. പണം കെഎസ്ആർടിസിക്ക് നേരിട്ട് കൈമാറില്ല. വാഹന നിർമാതാക്കൾക്ക് കൈമാറും.
2016ന് ശേഷം ആദ്യമായാണ് കെഎസ്ആർടിസി ബസുകൾ വാങ്ങുന്നത്. 2016ന് മുമ്പുള്ള പഴഞ്ചൻ ബസുകൾ ഉപയോഗിച്ചാണ് കെഎസ്ആർടിസി ഇപ്പോൾ സർവീസ് നടത്തുന്നത്. പുതിയ ബസുകൾ വാങ്ങുന്നതോടെ കുറെ പഴഞ്ചൻ ബസുകൾ നിരത്തിൽ നിന്നൊഴിവാക്കാൻ കഴിയും. കഴിഞ്ഞ ഓണക്കാലത്ത് 200 പുതിയ ബസുകൾ വാങ്ങി നിരത്തിലിറക്കാൻ കെഎസ്ആർടിസി ശ്രമം നടത്തിയിരുന്നു.
സർക്കാരിൽ നിന്നു 92 കോടി രൂപ പ്ലാൻ ഫണ്ട് ഇനത്തിൽ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. ടെണ്ടർ നടപടികൾ പൂർത്തിയാക്കുകയും ടാറ്റ മോട്ടോഴ്സുമായി 200 ബസുകൾ വാങ്ങാൻ കരാറാവുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ പണം അനുവദിക്കാതിരുന്നതിനാൽ കഴിഞ്ഞ മാസം ടാറ്റയുമായുള്ള കരാർ കെഎസ്ആർടിസി റദ്ദാക്കുകയായിരുന്നു.
അനുവദിച്ച 63 കോടി രൂപ വിനിയോഗിച്ച് 230 ബസുകൾ വാങ്ങാനാണ് തയാറെടുപ്പുകൾ നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു.കെ.ബി. ഗണേശ് കുമാർ ഗതാഗത മന്ത്രിയായത് മുതൽ പുതിയ ബസുകൾ വാങ്ങാൻ ശ്രമം ആരംഭിച്ചതാണ്. പക്ഷേ ഇതുവരെ കെഎസ്ആർടിസിക്ക് പുതിയ ബസ് എന്ന ആഗ്രഹം സാധിച്ചിട്ടില്ല. ഇപ്പോൾ അത് സഫലമാകുമെന്ന ഘട്ടത്തിലെത്തിയിരിക്കയാണ്.
ഗ്രാമീണ റോഡുകളിലും വീതികുറഞ്ഞ വളവുകളുള്ള റോഡുകളിലും സർവീസ് നടത്താൻ കഴിയുന്ന തരത്തിലുള്ള ബസുകൾ വാങ്ങാനാണ് നീക്കം. എട്ട് മീറ്റർ, 10 മീറ്റർ, 12 മീറ്റർ എന്നീ നിളമുള്ള ബസുകളാണ് വാങ്ങുന്നത്. ഇത്തരം ബസുകളിൽ ടിവി ഉൾപ്പെടെ എല്ലാവിധ ആധുനിക സംവിധാനങ്ങളും ഉണ്ടായിരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. പുതിയ ബസുകൾ വാങ്ങാനുള്ള ടെണ്ടർ ഉടൻ പ്രസിദ്ധീകരിക്കും.
കെ സ്വിഫ്റ്റിന്റെ ബസുകൾ കിലോമീറ്റർ അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുത്താണ് കെഎസ് ആർടിസി ഇപ്പോൾ ദീർഘദൂര സർവീസുകൾ നടത്തുന്നത്. കെഎസ്ആർടിസിക്ക് ഇരട്ടി നഷ്ടമാണെങ്കിലും കെ-സ്വിഫ്റ്റ് നേട്ടമുണ്ടാക്കുന്നുണ്ട്.