കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ എല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പല ഡിപ്പോകളിലും ജീവനക്കാരുടെ മിന്നല്‍പണിമുടക്ക്. തിരുവനന്തപുരം കോഴിക്കോട്, കൊട്ടാരക്കര കോട്ടയം ഡിപ്പോകളില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടത്തിയത്. പല ഡിപ്പോകളിലും രാവിലെ മുതല്‍ ജീവനക്കാര്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുകയും ബസുകള്‍ തടയാന്‍ ശ്രമം നടക്കുകയും ചെയ്തു.
പല ഡിപ്പോകളിലും രാവിലെ തുടങ്ങാനിരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം മുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രതിഷേധത്തുടര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് റിസര്‍വേഷന്‍ കൗണ്ടറിലെ പരിശീലനം നിര്‍ത്തിവച്ചു.
കോഴിക്കോട്ടും കോട്ടയത്തും ചെറിയ സംഘര്‍ഷമുണ്ടായി.
തിരുവനന്തപുരത്ത് ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് പരിശീലനം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ചു. പലയിടത്തും നാട്ടുകാര്‍ സംഘടിച്ചതോടെ പണിമുടക്കിയ ജീവനക്കാര്‍ക്ക് നല്ലരീതിയില്‍ മര്‍ദനമേല്ക്കുകയും ചെയ്തു.
ബസ് വിടാത്തതു സംബന്ധിച്ച് പലയിടത്തും ജീവനക്കാരും യാത്രക്കാരുമായി വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ഒരു യാത്രക്കാരനെ മര്‍ദിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. റിസര്‍വേഷന്‍ കൗണ്ടര്‍ കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതിനെതിരേ ജീവനക്കാര്‍ നേരത്തേ തന്നെ പ്രതിഷേധം ഉയര്‍ത്തിയതാണ്.
എന്നിട്ടും മാനേജ്‌മെന്റ് കുടുംപിടുത്തം തുടരുന്നതിനാലാണ് തങ്ങള്‍ പണിമുടക്കിലേക്ക് നീങ്ങിയതെന്നും നിര്‍വാഹമില്ലാത്ത അവസ്ഥയിലാണെന്നുമാണ് ജീവനക്കാരുടെ നിലപാട്.