സ്വന്തം ലേഖകന്‍
കോഴിക്കോട് : ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചുള്ള കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു.
ഇന്ധന വിലവര്‍ധനവും കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടവും കാരണം സ്വകാര്യബസ് സര്‍വീസുകള്‍ നാമമാത്രമായി മാറിയ സാഹചര്യത്തില്‍ കെ എസ്ആര്ടിസി സര്‍വീസുകള്‍ കൂടി നിലച്ചതോടെ ജനങ്ങള്‍ പൂര്‍ണമായും ദുരിതത്തിലായി.
സംസ്ഥാനത്തുടനീളം ഹ്രസ്വ-ദീര്‍ഘ ദൂര സര്‍വീസുകളെല്ലാം നിലച്ചിരിക്കുകയാണ്. ഇതോടെ ദീപാവലി അവധി കഴിഞ്ഞ് പോകുന്നവരും മറ്റു ജോലിക്കാരും ദുരിതത്തിലായി.
സ്കൂള്‍ അധ്യയനത്തിന്റെ രണ്ടാം ബാച്ചിന്റെ ആദ്യപ്രവേശനം ഇന്ന് നടക്കാനിരിക്കെ സര്‍വീസുകള്‍ മുടങ്ങിയത് മലയോര മേഖലയേയും കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന റൂട്ടുകളേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ദീപാവലി അവധി ആഘോഷിക്കാനെത്തിയവരും മറ്റും പണിമുടക്കിനെ തുടര്‍ന്ന് ഇന്നലെ തന്നെ യാത്ര തിരിക്കേണ്ട അവസ്ഥയായിരുന്നുള്ളത്.
ഏറ്റവും കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസുകളുള്ള വയനാട്ടില്‍നിന്ന് സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലേക്കും മലബാറിലെ വിവിധ ഭാഗങ്ങളിലേക്കും പോകേണ്ടവര്‍ ഇന്നലെ വൈകിട്ടോടെ തന്നെ സ്വകാര്യ ബസുകളേയും കെഎസ്ആര്‍ടിസിയേയും ആശ്രയിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ സമരം ആരംഭിച്ചതിന് പിന്നാലെ ദീര്‍ഘ ദൂര സ്വകാര്യ ബസുകളിലും തിരക്കേറി. തലേദിവസം ബുക്കിംഗ് ഏര്‍പ്പെടുത്തിയാണ് വയനാട്ടില്‍നിന്നുള്ള ബസുകള്‍ പുറപ്പെട്ടത്.
ഇടത് അനുകൂല യൂണിയനും ബിഎംഎസ് ഇന്നും കോണ്‍ഗ്രസ് അനുകൂല യൂണിയന് നാളെ രാത്രി വരെയുമാണ് പണിമുടക്കുന്നത്. സമരത്തില്‍നിന്ന് പിന്മാറണമെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അഭ്യര്‍ഥന യൂണിയനുകള്‍ അംഗീകരിച്ചിരുന്നില്ല.
അതേസമയം സമരത്തെ നേരിടാന്‍ ഡയസ്നോണ്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്ക് ഹാജരാകാത്തവരുടെ പണിമുടക്ക് ദിവസത്തെ വേതനം ശമ്പളത്തില്‍നിന്ന് പിടിക്കും. അതേസമയം സൂപ്പര്‍വൈസിംഗ് ഓഫീസര്‍മാര്‍ മാത്രമാണ് പല ഡിപ്പോയിലും ജോലിക്കെത്തിയത്.
കോഴിക്കോട് ഉത്തരമേഖലാ എക്സിക്യൂട്ടീവ് ഡയറക്ടര്‍, കോഴിക്കോട് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ ജോലിക്കായി എത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയില്‍ ഒന്‍പത് വര്‍ഷമായി ശമ്പള പരിഷ്കരണം നടപ്പാക്കിയിട്ടില്ല.
ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും പിന്മാറിയില്ല
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശന്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ഇടത്- വലത്, ബിഎംഎസ് യൂണിയനുകൾ സംയുക്തമായാണ് പണിമുടക്കുന്നത്.
ജീവനക്കാരുടെ യൂണിയനുകളെല്ലാം പണിമുടക്കിൽ അണിനിരന്നതോടെ തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളിലെ പൊതുഗതാഗതം ഏറെക്കുറെ സ്തംഭിച്ചു. ഗ്രാമ, നഗര സർവീസുകളും ദീർഘദൂര സർവീസുകളും പൂർണമായും മുടങ്ങിയതോടെ ജനങ്ങൾ പെരുവഴിയിലാണ്.
ജനം പെരുവഴിയിൽ
പണിമുടക്ക് അർധരാത്രിയാണ് തുടങ്ങിയതെങ്കിലും മിക്ക സർവീസുകളും ഇന്നലെ വൈകുന്നേരത്തോടെ തന്നെ അവസാനിപ്പിച്ചിരുന്നു. അതാത് ഡിപ്പോകളിലേക്കുള്ള സർവീസുകളല്ലാതെ രാത്രിയിൽ മറ്റൊന്നും ഓടിയിട്ടില്ലെന്നും മിക്കയിടങ്ങളിലും മണിക്കൂറുകൾ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണുണ്ടായിരുന്നതെന്നും യാത്രക്കാർ പറയുന്നു.
പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫും (ഐഎൻടിയുസി) സിപിഐ അനുകൂല സംഘടനയായ കെഎസ്ആർടി എംപ്ലോയിസ് യൂണിയനും (എഐടിയുസി) 48 മണിക്കൂർ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കെഎസ്ആർടി എംപ്ലോയിസ് സംഘ് (ബിഎംഎസ്), കെഎസ്ആർടി എംപ്ലോയിസ് അസോസിയേഷൻ (സിഐടിയു) എന്നീ യൂണിയനുകൾ 24 മണിക്കൂർ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ജോലിക്കെത്താത്ത ജീവനക്കാരുടെ ശന്പളം പിടിക്കും. എന്നാൽ, ഇത് തള്ളിയാണ് യൂണിയനുകൾ സമരവുമായി മുന്നോട്ടുപോകുന്നത്. സമരത്തില്‍ നിന്നു പിന്മാറണമെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അഭ്യർഥന യൂണിയനുകൾ തള്ളിയിരുന്നു.
ഉറപ്പുകൾ പാഴ്വാക്കായി
സംസ്ഥാന സർക്കാർ ജീവനക്കാരുടേതിനു സമാനമായ ശന്പള പരിഷ്കരണം വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം. കെഎസ്ആർടിസിയിലെ ശന്പള പരിഷ്കരണ കരാറിന്റെ കാലാവധി 2016ൽ അവസാനിച്ചതാണ്.
അഞ്ച് വർഷം കൂടുന്പോൾ ശന്പള പരിഷ്കരണം നടത്തണമെന്നത് വാക്കുകളിൽ മാത്രമായെന്നും ജൂണിൽ ശന്പളം പരിഷ്കരിക്കാമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴ്്വാക്കായെന്നും ട്രേഡ് യൂണിയനുകൾ കുറ്റപ്പെടുത്തുന്നു.
എന്നാൽ, ഇന്ധന വിലവർധന അടക്കമുള്ള പ്രശ്നങ്ങൾ മൂലം വലഞ്ഞിരിക്കുന്ന കെഎസ്ആർടിസിക്ക് ശന്പള പരിഷ്കരണം വലിയ ബാധ്യത വരുത്തുമെന്ന് മാനേജ്മെന്റ് പറയുന്നു.
പണിമുടക്കുമായി സ്വകാര്യ ബസുടമകളും
കെഎസ്ആർടിസി ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്കിനു പിന്നാലെ സ്വകാര്യ ബസുകളും പണിമുടക്ക് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതൽ നടത്തുന്ന അനിശ്ചിതകാല സമരമാണ് സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ധന വില കൂടിയതിന്റെ അടിസ്ഥാനത്തിൽ ബസ് നിരക്ക് വർധിപ്പിക്കണമെന്നാണ് ആവശ്യം. പെട്രോൾ, ഡീസൽ വിലയിൽ കഴിഞ്ഞ ദിവസം കുറവ് വരുത്തിയെങ്കിലും പണിമുടക്കിൽ നിന്നു പിന്മാറില്ലെന്നാണ് ബസുടമകൾ പറയുന്നത്.
ഇന്ധനവില കഴിഞ്ഞ കുറേക്കാലമായി വർധനയിലായിരുന്നെന്നും അതിനനുസരിച്ചുണ്ടായ നഷ്ടം നികത്താൻ നിരക്ക് വർധനയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.