തിരുവനന്തപുരം: കെഎസ്ആർടിസിയെ അവശ്യ സർവീസ് പട്ടികയിൽ ഉൾപ്പെടുന്നത് സർക്കാർ ഗൗരവപൂർവം പരിഗണിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അനാവശ്യ സമരങ്ങൾ നടത്തി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവണത തുടർന്നാൽ ഇക്കാര്യം പരിഗണിക്കേണ്ടിവരുമെന്നും യൂണിയനുകൾ നിലവിൽ നടത്തുന്ന സമരം അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഒരു ബസ് പോലും ഓടാതിരുന്നപ്പോഴും സർക്കാർ തൊഴിലാളികളുടെ ശമ്പളവും പെൻഷനും മുടക്കിയിട്ടില്ല. സർക്കാരിനെ പ്രതിസന്ധിയിലാക്കി ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സമരങ്ങൾ ആവശ്യമാണോ എന്ന് തൊഴിലാളി സംഘടനകൾ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശമ്പള വർധന നടപ്പാക്കില്ലെന്ന് സർക്കാർ പറഞ്ഞിട്ടില്ല. പെൻഷനും ശമ്പളവും മുടക്കിയിട്ടുമില്ല. ശമ്പള വർധന നടപ്പാക്കുമ്പോൾ 30 കോടി രൂപയുടെ അധിക ബാധ്യത കോർപ്പറേഷന് വരുമെന്നും ഇക്കാര്യം ധനവകുപ്പുമായി ചർച്ച ചെയ്യാനുള്ള സമയം മാത്രമാണ് തൊഴിലാളി സംഘടനകളോട് ചോദിച്ചിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച അർധരാത്രി മുതലാണ് വിവിധ തൊഴിലാളി സംഘടനകൾ കഐസ്ആർടിസിയിൽ സമരം തുടങ്ങിയത്. ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും ബിജെപി അനുകൂല സംഘടനയായ എംപ്ലോയീസ് സംഘും 24 മണിക്കൂറാണ് പണിമുടക്കുന്നത്.
എന്നാൽ ഐഎൻടിയുസിയുടെ നേതൃത്വത്തിലുള്ള ടിഡിഎഫും സിപിഐയുടെ കീഴിലുള്ള ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയനും 48 മണിക്കൂർ പണിമുടക്കാണ് പ്രഖ്യാപിച്ചത്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നു.