കൊട്ടാരക്കര : കെഎസ്ആർടിസിയിലെ അശാസ്ത്രീയമായ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിക്കണമെന്നും ഒക്ടോബർ 2 മുതൽ നടക്കുന്ന അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കണമെന്നും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ളോയീസ് യൂണിയൻ(എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അശാസ്ത്രീയമായ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കിയതോടെ ജീവനക്കാരുടെ ജോലിഭാരം വർദ്ധിച്ചിരിക്കയാണ്. എട്ട് മണിക്കൂർ ജോലി എന്നാണെങ്കിലും 12 മുതൽ 13 മണിക്കൂർവരെ ഡ്യൂട്ടി ചെയ്യേണ്ടി വരുന്നുണ്ട്. ഈ സമ്പ്രദായം തുടങ്ങിയത് മുതൽ ജീവനക്കാരുടെ യാത്രാക്ളേശവും രൂക്ഷമായിട്ടുണ്ട്.
അടിയന്തിരമായി പരിഷ്കാരം പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ്.ബൈജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എസ്.ശിവകുമാർ, എസ്.അനീസ്, എം.ടി.ശ്രീലാൽ, ജാക്സൺ, എ.സുരേഷ് കുമാർ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.