തിരുവനന്തപുരം/ചാത്തന്നൂർ: കെഎസ്ആർടിസിയിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ് ) പ്രഖ്യാപിച്ച പണിമുടക്ക് തുടരുന്നു. ഇന്നലെ അർധരാത്രി തുടങ്ങിയ പണിമുടക്ക് ഇന്ന് അർധ രാത്രി അവസാനിക്കും.
സംസ്ഥാനത്ത് പലയിടത്തും സമരാനുകൂലികൾ ബസ് തടഞ്ഞു. തിരുവനന്തപുരം പാപ്പനംകോട്, പാലക്കാട് ഡിപ്പോകളിൽ സമരാനുകൂലികൾ ബസ് തടഞ്ഞു. തിരുവനന്തപുരം തന്പാനൂരിൽ ബസ് തടഞ്ഞ സമരാനുകൂലികൾ ബസിനു മുന്നിൽ കിടന്ന് പ്രതിഷേധിച്ചു.
അതേസമയം സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.സിഐടിയു, ബിഎംഎസ് എന്നിവ സമരത്തിൽ പങ്കെടുക്കുന്നില്ല. കൂടാതെ താൽകാലിക ജീവനക്കാരെ കൂടുതലായി ഉപയോഗിച്ചുകൊണ്ട് സർവീസ് നടത്താനാണ് മാനേജ്മെന്റ് തീരുമാനം. സിവിൽ സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ അവധി അനുവദിക്കാൻ പാടുള്ളൂ എന്നും നിർദേശമുണ്ട്.
എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക പൂർണമായും അനുവദിക്കുക, ശമ്പള പരിഷ്കരണ കരാറിന്റെ സർക്കാർ ഉത്തരവിറക്കുക, ഡ്രൈവർമാരുടെ സ്പെഷൽ അലവൻസ് കൃത്യമായി നൽകുകഎന്നതുൾപ്പെടെ പന്ത്രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചാണ് ടിഡിഎഫ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ശമ്പളം എല്ലാ മാസവും അഞ്ചിനകം നൽകുമെന്ന മുഖ്യമന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രിയുടെയും ഉറപ്പ് പാലിക്കുന്നില്ല എന്ന് സമരക്കാർ ചൂണ്ടിക്കാട്ടുന്നു. കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ സംഘടന നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ടിഡിഎഫ് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചത്.
അതേസമയം ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന സമരം കെഎസ്ആർടിസിയുടെ സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ് കുമാർ പറഞ്ഞു. ഡിപ്പോകളിൽ 100 ശതമാനം സർവീസുകളും ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്.
യൂണിറ്റ് തലത്തിലുള്ള വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയൊഴികെ മറ്റെങ്ങും സമരം കാര്യമായി ബാധിച്ചിട്ടില്ലെന്ന് ് തൊഴിലാളികൾക്കുവേണ്ടി നിയമപോരാട്ടം നടത്തുന്ന സംഘടനയായ ഫോറം ഫോർ ജസ്റ്റീസ് പ്രസിഡന്റ് ടി.കെ. പ്രദീപ് പറഞ്ഞു.