സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശന്പള മുടക്ക പ്രശ്നം നീളുന്നതിന്റെ പശ്ചാത്തലത്തിൽ സമരം ശക്തമാക്കാൻ ജീവനക്കാരുടെ സംഘടനകൾ.
കെഎസ്ആർടിസി ചീഫ് ഓഫീസിനു മുന്പിൽ സിഐടിയു ആരംഭിച്ച അനിശ്ചിതകാല സമരം തുടരുകയാണ്. ഇതിനോട് അനുബന്ധിച്ച് ഐഎൻടിയുസി സംഘടന സെക്രട്ടേറിയറ്റിനു മുന്പിൽ ഇന്ന് നിരാഹാര സത്യാഗ്രഹം ആരംഭിക്കും. ബിഎംഎസ് സംഘടനയുടെ സെക്രട്ടേറിയറ്റ് മാർച്ചും ഇന്ന് നടക്കും.
വിഷുവും ഈസ്റ്ററും കഴിഞ്ഞിട്ടും ശന്പളം ലഭ്യമാക്കാത്തതു ചൂണ്ടിക്കാട്ടിയാണ് സംഘടനകൾ സമരം ശക്തമാക്കുന്നത്.
ഈ മാസം 28ന് സിഐടിയുവും മേയ് ആറിനു ടിഡിഎഫും (ഐഎൻടിയുസി) സൂചന പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മാസവും അഞ്ചിനു മുന്പായി ശന്പളം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ടിഡിഎഫിന്റെ സമരം.
സെക്രട്ടേറിയറ്റിലേക്കുള്ള മാർച്ചിനു സമാനമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും ബിഎംഎസ് സംഘടന മാർച്ച് നടത്തുന്നുണ്ട്.
അതേസമയം, ഇന്നു വൈകുന്നേരമോ നാളെയോ ശന്പളം വിതരണം ചെയ്യാനാകുമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റ് പറയുന്നത്. ധനവകുപ്പ് അനുവദിച്ച 30 കോടി ഗതാഗത വകുപ്പിനു കൈമാറിയിട്ടുണ്ട്.
അത് കോർപ്പറേഷനു കൈമാറിയാൽ ഉടൻ ശന്പളം വിതരണം ചെയ്യും. ബാങ്കിൽ നിന്നു 50 കോടി കൂടി ഓവർ ഡ്രാഫ്റ്റ് എടുത്തു ശന്പളം വിതരണം പൂർത്തിയാക്കാനാണ് നീക്കമെന്നും അതല്ലെങ്കിൽ ഗഡുക്കളായി വിതരണം ചെയ്യാനാണ് ആലോചനയിലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.