തൃശൂർ: കെഎസ്ആർടിസി ജീവനക്കാർ പണിമുടക്ക് നടത്തിയതോടെ തൃശൂർ ഡിപ്പോയിൽ നിന്ന് പുറപ്പെട്ടിരുന്ന 58 സർവീസുകളിൽ 21 സർവീസുകളും മുടങ്ങി. ഓർഡിനറി സർവീസുകളാണ് മുടങ്ങിയതിൽ ഭൂരിഭാഗവും. ഡ്രൈവേഴ്സ് യൂണിയനും ഐഎൻടിയുസി വിഭാഗവുമൊക്കെ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഡിപ്പോയിൽ ജോലിക്കെത്തിയ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും ഉപയോഗിച്ച് പരമാവധി ദീർഘദൂര സർവീസുകളാണ് നടത്തിയത്.
ലോക്കൽ സർവീസുകൾ നടത്താൻ ജീവനക്കാരെ കിട്ടാത്തതിനാലാണ് ഒട്ടുമിക്ക സർവീസുകളും മുടങ്ങിയത്. പണിമുടക്കിയ ജീവനക്കാർ കഐസ്ആർടിസി ഡിപ്പോയ്ക്ക മുന്പിൽ പ്രതിഷേധ പ്രകടനം നടത്തി. സർവീസുകൾ മുടങ്ങിയതോടെ രാവിലെ സ്റ്റാൻഡിലെത്തിയ നിരവധി യാത്രക്കാരാണ് കുടുങ്ങിയത്.
ബസുകൾ കിട്ടാതായതോടെ ഇവർ സ്വകാര്യ ബസുകളും ട്രെയിനുകളിലുമാണ് യാത്ര തുടർന്നത്. അവധി കഴിഞ്ഞ ദിവസമായതിനാൽ പതിവിൽ കൂടുതൽ തിരക്കാണ് ബസുകളിൽ. ജില്ലയിലെ മറ്റു ഡിപ്പോകളിലും ജീവനക്കാർ പണിമുടക്കിയതിനാൽ അവിടെയും സർവീസുകൾ മുടങ്ങി.
ശന്പളം മാസം അവസാന പ്രവൃത്തി ദിവസം നൽകുക, ശന്പള പരിഷ്കരണം നടപ്പാക്കുക, നിയമന നിരോധനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയനും ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയനും ഉൾപ്പെട്ട ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പണിമുടക്ക് നടത്തുന്നത്.