കൊച്ചി: കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റിലും സൂപ്പർ എക്സ്പ്രസിലും യാത്രക്കാരെ നിർത്തിക്കൊണ്ടുപോകുന്നത് ഹൈക്കോടതി തടഞ്ഞു. ഇത്തരം സർവീസുകളിൽ സീറ്റിംഗ് പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റരുതെന്നാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്േറതാണ് വിധി.
ലക്ഷ്വറി സർവീസുകളിൽ ആളുകളെ നിർത്തി യാത്ര ചെയ്യിക്കുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. കെഎസ്ആർടിസിയുടെ ഈ നടപടി മോട്ടോർ വാഹന ചട്ടം 67 (2) പ്രകാരം തെറ്റാണെന്നും ഇത് തടയണമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
നിലവിൽ സൂപ്പർ എക്സ്പ്രസ് മുതൽ മുകളിലോട്ടുള്ള ലക്ഷ്വറി ബസുകളിൽ കെഎസ്ആർടിസി യാത്രക്കാരെ നിർത്തി കൊണ്ടുപോകാറില്ല. വിധി വന്നതോടെ സൂപ്പർ ഫാസ്റ്റിലെ നിന്നുള്ള യാത്രയാണ് തടയപ്പെട്ടിരിക്കുന്നത്.
സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി, സിറ്റി സർവീസുകൾ എന്നിവയിലാണ് നിലവിൽ യാത്രക്കാർ നിന്ന് യാത്ര ചെയ്യുന്നത്. സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ്, മിന്നൽ പോലുള്ള സർവീസുകളിൽ സീറ്റിംഗ് പരിധിയിലുള്ള യാത്രക്കാരെ നിലവിൽ കൊണ്ടുപോകാറുള്ളൂ.