പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെ എസ് ആർ ടി സി ജീവനക്കാരെ സുരക്ഷാ ജോലിക്കായി നിയോഗിക്കാൻ തീരുമാനം. 300-ഓളം സുരക്ഷാ ജീവനക്കാരുടെ ഒഴിവുകളുണ്ട് കോർപ്പറേഷനിൽ. വിമുക്തഭടന്മാരെ പി എസ് സി മുഖേന സുരക്ഷാ ജോലിയ്ക്കായി നിയോഗിക്കുകയായിരുന്നു പതിവ്.
അത്തരം നിയമനം നടത്താതെയാണ് നിലവിലുള്ള ജീവനക്കാരെ സുരക്ഷാ ജോലിക്കായി നിയോഗിക്കുന്നത്. സുരക്ഷാ വിഭാഗത്തിലേയ്ക്കുള്ള ജീവനക്കാരുടെ പട്ടിക തയാറാക്കി ഉടൻ നല്കണമെന്ന് ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൻസാരി യൂണിറ്റ് ഓഫീസർമാർക്ക് കഴിഞ്ഞ 4-ന് ഉത്തരവ് നല്കി.
ആയാസരഹിത (അദർ ഡ്യൂട്ടി ) ജോലിയിലേയ്ക്ക് തസ്തികമാറ്റം നടത്താൻ കോർപ്പറേഷനിൽ നിയമമുണ്ട്. ഓരോ അവയവങ്ങളുടെയും കാര്യക്ഷമത മെഡിക്കൽ ബോർഡ് പരിശോധിച്ച് 45 ശതമാനത്തിൽ താഴെ മാത്രം ശാരീരിക ക്ഷമതയുള്ളവരെയും 30 ശതമാനം വരെ കാഴ്ചശക്തി കുറവുള്ളവരെയുമാണ് ആ യാസരഹിത ജോലിക്കായി തസ്തികമാറ്റം അനുവദിക്കുന്നത്.
ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ വിഭാഗം ജീവനക്കാരാണ് തസ്തികമാറ്റത്തിന് സാധാരണയായി അപേക്ഷിക്കുന്നത്.ആയാസരഹിത ജോലിയിലേയ്ക്ക് തസ്തികമാറ്റത്തിന് അപേക്ഷിച്ചവരുടെ പട്ടിക ഇപ്പോൾ കോർപ്പറേഷനിലുണ്ട്.ഇവരിൽ നിന്നുള്ളവരെയാണ് സെക്യുരിറ്റി ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്നത്.
ശാരീരിക ക്ഷമത കുറവുള്ളവരും കാഴ്ചശക്തി കുറവുള്ളവരുമാണ് ആ യാസരഹിത ജോലിയ്ക്ക് അപേക്ഷിക്കുന്നത്. ശാരീരിക ക്ഷമതയും കാഴ്ചശക്തിയും ആവശ്യമായ സുരക്ഷാ ജോലിയ്ക്ക് ഇവരെ നിയോഗിക്കാനുള്ള തീരുമാനം വിചിത്രമാണ്. തൊഴിൽ പരമായി ജീവനക്കാരെ അധിക്ഷേപിക്കുന്ന നടപടിയാണെന്നും ജീവനക്കാർ ആരോപിക്കുന്നു.