കെഎ
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ പകുതിയോളം ജീവനക്കാർക്കും രണ്ടു മാസമായി ശമ്പളമില്ല. ജൂൺ മാസത്തെ ശമ്പളം ഡ്രൈവർ, കണ്ടക്ടർ, കാഷ്യൽ ലേബർ വിഭാഗങ്ങൾക്ക് മാത്രമാണ് കൊടുത്തത്.
9200 ഡ്രൈവർമാർക്കും 8600 കണ്ടക്ടർമാർക്കും 270 കാഷ്വൽ ലേബർമാർക്കുമാണ് 52 കോടിയോളം രൂപ ശമ്പളമായി നല്കിയത്. സംസ്ഥാന സർക്കാർ നല്കിയ 30കോടി രൂപ കൂടി ഉപയോഗിച്ചായിരുന്നു ഇവർക്ക് ശമ്പളം ജൂലൈ അവസാനദിവസമെങ്കിലും കൊടുത്തത്.
26 കോടിയും കൂടി വേണം
മിനി സ്റ്റീരിയൽ, വർക്ക് ഷോപ്പ് , അഡ്മിനിസ്ട്രേഷൻ വിഭാഗം ജീവനക്കാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ജൂൺ മാസത്തെ ശമ്പളം നല്കിയിട്ടില്ല.
ഇതിന് 26 കോടി രൂപ വേണ്ടി വരുമെന്നാണ് മാനേജ്മെന്റിന്റെ കണക്ക്. ഓഗസ്റ്റ് ആയതോടെ ഈ വിഭാഗം ജീവനക്കാരുടെ ശമ്പള കുടിശിക രണ്ടു മാസമായി.
കെഎസ്ആർടിസി ഏറ്റവും ദുർഘട കാലഘട്ടത്തിലൂടെ കടന്നുപോയിട്ടുള്ള അവസരങ്ങളിൽപ്പോലും മാസത്തിലെ അവസാന പ്രവൃത്തി ദിവസം ജീവനക്കാർക്ക് ശമ്പളം നലികിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ശമ്പള വിതരണം വൈകിക്കുന്നത്.
കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മാനേജ്മെന്റ് വാദിക്കുമ്പോഴും കെഎസ്ആർടിസിയുടെ റൂട്ടുകൾ കെ – സ്വിഫ്റ്റിന് കൈമാറി വരുമാന നഷ്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ്.
കെഎസ്ആർടിസിയുടെ അഭിമാനമായിരുന്ന ദീർഘ ദൂര റൂട്ടുകളാണ് ഇപ്പോൾ കെ. – സ്വിഫ്റ്റിന് കൈമാറിയിട്ടുള്ളത്.
പ്രതിഷേധം വകവയ്ക്കാതെ
700 ദീർഘദൂര സർവീസുകൾ കൂടി സ്വിഫ് റ്റിന് വിട്ടുകൊടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് തിരുവനന്തപുരത്തെ സിറ്റി സർക്കുലറുകൾ സ്വിഫ്റ്റിന് വിട്ടു കൊടുത്തത്.
കെഎസ്ആർടിസി, സിറ്റി സർക്കുലർ നടത്തുമ്പോൾ നഷ്ടമാണെന്നും യാത്രക്കാർ കയറുന്നില്ലെന്നുമുള്ള സാങ്കേതികത്വം പറഞ്ഞാണ് റൂട്ടുകൾ വിട്ടുകൊടുക്കുന്നത്.
ഈ റൂട്ടുകളിൽ സ്വിഫ്റ്റ് ഇലക്ട്രിക് ബസുകളാണ് ഓടിക്കുക. ഇതിനെതിരെ ജീവനക്കാർ ശക്തമായ പ്രതിഷേധത്തിലാണ്.
കെ – സ്വിഫ്റ്റിന്റെ ദീർഘ ദൂര സർവീസുകളിൽ 58 ബസുകളാണ് തുച്ഛമായ കാലയളവിൽ അപകടങ്ങളിൽ പെട്ടിട്ടുള്ളത്.
ഡ്രൈവർമാർക്ക് 715 രൂപയാണ് ശമ്പളമായി നല്കുന്നത്. 30000 രൂപ ഡിപ്പോസിറ്റ് ചെയ്ത് ജോലിയിൽ പ്രവേശിക്കുന്നവർക്ക് 24000 രൂപയാണ് പിരിഞ്ഞു പോകുമ്പോൾ തിരികെ കിട്ടുക.
ഇതിനകം സ്വിഫ്റ്റിലെ നിരവധി ഡ്രൈവർമാർ പിരിഞ്ഞു പോയി . ഇപ്പോൾ പുതിയ ഡ്രൈവർമാരെ എടുക്കാനുള്ള ശ്രമമാണ്. മുമ്പ് കെഎസ്ആർടിസിയിൽ എം പാനലായി ജോലി ചെയ്തിരുന്ന ഡ്രൈവർമാർക്ക് മുൻഗണനയുണ്ട്.