പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർ ടി സി യ്ക്ക് സംസ്ഥാന സർക്കാർ ബജറ്റ് വിഹിതമായി അനുവദിച്ച തുകയിൽ 50 കോടി രൂപ വിനിയോഗിച്ച് 131 ബസുകൾ വാങ്ങുന്നു. സീറ്റർ, സെമി സ്ലിപ്പർ ഡീസൽ ബസുകളാണ് വാങ്ങുന്നത്.
അശോക് ലൈലാൻഡ് കന്പനിയുമായി അവസാനവട്ട ചർച്ചകൾ തൊട്ടടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കും. ഇത്തവണത്തെ ടെൻഡർ നടപടികളിൽ പ്രമുഖ ബസ് നിർമ്മാണ കന്പനികളായ ടാറ്റയും ഐഷറും വിട്ടു നിന്നു.
മുൻ തവണ നല്കിയ വിലയ്ക്ക് ബസുകൾ നല്കണമെന്നതാണ് കെഎസ്ആർടിസിയുടെ ആവശ്യം. കാലാവസ്ഥ ഉച്ചകോടിയിൽപങ്കെടുക്കാൻ കേന്ദ്ര സർക്കാരിന്റെ പാനൽ അംഗമായി ഇറ്റലിയിൽ പോയിരിക്കുന്ന കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ തിരിച്ചു വന്നാലുടൻ ലൈലാൻഡ് കന്പനിയുമായി കരാർ ഒപ്പിടും. രണ്ടു മാസത്തിനകം ബസുകൾ എത്തി തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു.
കെഎസ്ആർടിസിക്ക് സർക്കാർ അനുവദിച്ച ബജറ്റ് വിഹിതം ഉപയോഗിച്ചാണ് ബസുകൾ വാങ്ങുന്നതെങ്കിലും ഇതിൽ ഒരു ബസുപോലും കെഎസ്ആർടിസിയ്ക്ക് കിട്ടില്ല.
എല്ലാം കെ സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനിക്കാണ് നല്കുക. മുമ്പ് വാങ്ങിയ ബസുകളും സ്വിഫ്റ്റിനാണ് നല്കിയത്. ഇനി വാങ്ങുന്ന ഒരു ബസും കെഎസ്ആർടിസിക്ക് കൊടുക്കില്ല. കെഎസ്ആർടിസിക്ക് ആറ് വർഷമായി പുതിയ ബസ് വാങ്ങുന്നില്ല.
കാലപ്പഴക്കം ചെന്ന ബസുകൾ ഉപയോഗിച്ചാണ് കെഎസ്ആർടിസി 75000 രൂപ വരെ വരുമാനമുണ്ടാക്കുന്ന ദീർഘ ദൂര സർവീസുകൾ നടത്തുന്നത്. അഞ്ചു വർഷത്തെ കാലാവധി പത്ത് വർഷമായി ഉയർത്തിയാണ് ബസുകൾ ഓടിക്കുന്നത്.
അപകടങ്ങൾക്ക് പ്രധാന കാരണം ഇതാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും കെഎസ്ആർടിസിയുടെ പ്രതിമാസ ടിക്കറ്റ് വരുമാനം വർദ്ധിക്കുകയാണ്. സമീപ മാസങ്ങളായി 180 കോടിയ്ക്ക് മുകളിലാണ് സ്ഥിരമായി മാസ ടിക്കറ്റ് വരുമാനം.