പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : സ്വതന്ത്ര സ്ഥാപനമായ കെ സ്വിഫ്റ്റിന് കൂടുതൽ ബസുകൾ വാങ്ങാൻ കിഫ് ബിയിൽ നിന്നും 610 കോടി രൂപ അനുവദിക്കും. നിലവിൽ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഇതിന്റെ ആദ്യഗഡു വിനിയോഗിച്ച് 50 ഇലക്ട്രിക് ബസുകൾ വാങ്ങി. ഇതിൽ 36 ബസുകൾ എത്തുകയും തിരുവനന്തപുരത്ത് സിറ്റി സർക്കുലറായി ഓടുകയും ചെയ്യുന്നുണ്ട്.
2021 – 22 ൽ കെഎസ്ആർടിസിക്ക് സർക്കാർ പദ്ധതി വിഹിതമായി അനുവദിച്ച തുക ഉപയോഗിച്ചാണ് കെ സ്വിഫ്റ്റിന് 116 ആഡംബര ബസുകൾ വാങ്ങിയത്.
2022 – 23 – ൽ കെഎസ്ആർടിസിക്ക് സർക്കാർ അനുവദിച്ച തുക ഉപയോഗിച്ച് കെ സ്വിഫ്റ്റിന് 131 ബസുകൾ കൂടി വാങ്ങുന്നു. ഇതും ആഡംബര ബസുകളാണ്.
കെഎസ്ആർടിസിയ്ക്ക് അനുവദിക്കുന്ന സർക്കാർ ഫണ്ട് ഉപയോഗിച്ച് കെ സ്വിഫ്റ്റിന് ബസുകൾ വാങ്ങുകയും കെഎസ്ആർടി സി യുടെ ദീർഘദൂര സർവീസുകൾ നടത്തുകയും, അതിന് കെ എസ് ആർ ടി സി യിൽ നിന്നും വാടക ഈടാക്കുകയും ചെയ്തു വരികയാണ് കെ സ്വിഫ്റ്റ്.
കെ സ്വിഫ്റ്റ് കിഫ്ബിയുടെ സഹായത്തോടെ വാങ്ങിയ ഇലക്ട്രിക് ബസുകളും സിറ്റി സർക്കുലറായി ഓടുന്നത് കെ എസ് ആർ ടി സി യിൽ നിന്നും ബസ് വാടക ഈടാക്കി കൊണ്ടാണ്.
കൂടുതൽ ബസുകൾ വാങ്ങാനാണ് കിഫ്ബി 610 കോടി രൂപ അനുവദിക്കുന്നത്. ഈ തുക ഉപയോഗിച്ച് സ്ലീപ്പർ, സെമി സ്ലീപ്പർ, സീറ്റർ ബസുകളും ഇലക്ട്രിക് ബസുകളും വാങ്ങും. ഈ ബസുകളും കെ എസ് ആർ ടി സി ക്ക് വാടകയ്ക്ക് നൽകാനാണ് പദ്ധതി.
കഴിഞ്ഞ ആറ് വർഷത്തിനകം കെ എസ് ആർ ടി സി ഒരു പുതിയ ബസു പോലും വാങ്ങിയിട്ടില്ല. കെ എസ് ആർ ടി സി യുടെ ഏറ്റവും പുതിയ ബസിന് ആറ് വർഷത്തിലികം പഴക്കമുണ്ട്.
ഈ ബസുകൾ ഉപയോഗിച്ചാണ് ദീർഘ ദൂര സർവീസുകൾ നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് പദ്ധതി പ്രകാരം കെ എസ് ആർ ടി സി യ്ക്ക് തിരുവനന്തപുരം സിറ്റിയിൽ ഓടിക്കാൻ 120 ബസ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ ബസുകൾ ഇതുവരെ എത്തിയിട്ടില്ല.