കോട്ടയം: കെഎസ്ആർടിസി എന്നും യാത്രക്കാർക്കൊപ്പമെന്ന പരസ്യത്തോടെ സ്വിഫ്റ്റ് ബസ് തരംഗം സൃഷ്ടിക്കുന്പോഴും ദീർഘദൂര യാത്ര ചെയ്യുന്ന കോട്ടയംകാർക്ക് അതു സ്വപ്നം മാത്രം. സ്വകാര്യ ബസുകളുടെ അമിത ചൂഷണത്തിന്റെ ഇരകളാണ് ജില്ലയിൽനിന്നുള്ള യാത്രക്കാർ.
വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി അയൽ സംസ്ഥാനങ്ങളിൽനിന്നും ജില്ലയിലെത്തി മടങ്ങിയ വിദ്യാർഥികൾ, ഉദ്യോഗാർഥികൾ എന്നിവരാണു വലിയ ചൂഷണത്തിന് ഇരകളായിരിക്കുന്നത്.
ചെന്നൈ, ബംഗളൂരു, മധുര, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവരിൽനിന്നും അമിത നിരക്കാണ് സ്വകാര്യ ബസുകൾ ഈടാക്കിയത്. യാത്രക്കാർ കൂടുതലുള്ള കഴിഞ്ഞ ദിവസങ്ങളിൽ രണ്ടും മൂന്നും ഇരട്ടി ചാർജാണ് വാങ്ങിയത്.
സ്വകാര്യ ബസുകളിൽ നിരക്ക് തോന്നുംപടി
കോട്ടയത്തുനിന്നും കഴിഞ്ഞ ഒരാഴ്ച ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ഓരോ ദിവസവും നിരക്ക് മാറിമാറിയാണ് ഈടാക്കിയത്.
ഈസ്റ്റർ ദിനം വൈകുന്നേരം കോട്ടയത്തുനിന്നും ബംഗളൂരുവിലേക്കുള്ള സ്വകാര്യ ബസിൽ 3500 രൂപയായിരുന്നു ചാർജ്. ഇന്നലെ ബംഗളൂരുവിലേക്ക് 2500 രൂപയായിരുന്നു.
കോട്ടയത്തുനിന്നും ചെന്നൈ, ബംഗളൂരു, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസിക്ക് കൂടുതൽ സർവീസ് ഇല്ലെന്നതാണ് പ്രൈവറ്റ് ബസ് ലോബി തോന്നിയ നിരക്ക് ഈടാക്കാനുള്ള കാരണം. പെസഹാ, വിഷു, ഈസ്റ്റർ തിരക്ക് കണക്കിലെടുത്തു ബംഗളൂരുവിലേക്കുൾപ്പെടെ ഇത്തവണ കെഎസ്ആർടിസി കോട്ടയത്തുനിന്നും കൂടുതൽ സർവീസ് ഓപ്പറേറ്റ് ചെയ്തിരുന്നില്ല.
ബംഗളൂരുവിൽനിന്ന് കോട്ടയത്തേക്ക് കെഎസ്ആർടിസിയുടെ ഒരു ബസിലും ടിക്കറ്റ് ലഭ്യമായില്ല. ഈ സാധ്യതകളെ ഫലപ്രദമായി ചൂഷണം ചെയ്യുകയായിരുന്നു പ്രൈവറ്റ് ബസ്.
സ്വിഫ്റ്റ് ബസ് നിർണായകം
സ്വിഫ്റ്റ് ബസുകൾ നിരത്തിലിറങ്ങിയതോടെ മറ്റ് ജില്ലകളിൽനിന്നും ദീർഘദൂര സർവീസ് നടത്തിയ സ്വകാര്യ ബസുകൾ നിരക്ക് കുറച്ചെന്ന് കെഎസ്ആർടിസി അവകാശപ്പെട്ടിരുന്നു.
സർക്കാർ പദ്ധതി വിഹിതം ഉപയോഗിച്ചു വാങ്ങിയ 116 ബസുകളാണ് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി ഇതിനോടകം സർവീസ് ആരംഭിച്ചത്.
അതിൽ 28 എസി ബസുകളും എട്ട് എസി സ്ലീപ്പറുകളും 20 എസി സെമിസ്ലീപ്പറുകളുമാണ്. കേരള സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്.
ലക്ഷ്വറി സ്ലീപ്പർ സംവിധാനമാണ് കെ സ്വിഫ്റ്റിൽ ഒരുക്കിയിരിക്കുന്നത്. വൻകിട ബസ് കന്പനികൾ അടക്കിവാഴുന്ന കുത്തക റൂട്ടുകളിലാണു കുറഞ്ഞ നിരക്കിൽ സ്വിഫ്റ്റ് ബസ് സർവീസ് നടത്തുന്നത്.
പെസഹാ ദിനത്തിൽ ബംഗളൂരു-എറണാകുളം റൂട്ടിൽ എസി വോൾവോ സ്ലീപ്പർ സ്വകാര്യ ബസ് 2800 ഈടാക്കിയപ്പോൾ കെ സ്വിഫ്റ്റിന് 1264 രൂപയായിരുന്നു ചാർജ്.
എസി വോൾവോ സെമി സ്ലീപ്പർ സ്വകാര്യ ബസിൽ 1699ഉം കെ സ്വിഫ്റ്റിന് 1264 ഉം ആയിരുന്നു നിരക്ക്. സ്വിഫ്റ്റിന് എല്ലാ ദിവസവും ഒരേ ടിക്കറ്റ് ചാർജ് എന്നതും യാത്രക്കാർക്ക് ഗുണകരമാകുന്നുണ്ട്.
കെ സ്വിഫ്റ്റ് കോട്ടയത്തിന് എന്ന്?
കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽനിന്നു സ്വിഫ്റ്റ് ബസ് സർവീസ് ഇല്ലെന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
കോട്ടയത്തുനിന്നു ബംഗളൂരുവിലേക്കുള്ള സർവീസുകൾ അടക്കം കെ സ്വിഫ്റ്റിലേക്കു മാറുമെങ്കിലും എന്നു പുതിയ ബസ് വരുമെന്ന കാര്യത്തിൽ അധികൃതർക്കു വ്യക്തതയില്ല.
കെഎസ്ആർടിസിയുടെ പ്രഖ്യാപനമനുസരിച്ചു കോട്ടയം, പാലാ, ചങ്ങനാശേരി ഡിപ്പോകളിൽ ആദ്യഘട്ടത്തിൽ തന്നെ സ്വിഫ്റ്റ് ബസുകൾ ലഭിക്കേണ്ടതായിരുന്നു.
എന്നു മുതൽ കോട്ടയത്തുനിന്നും കെ സ്വിഫ്റ്റ് സർവീസ് ആരംഭിക്കാനാകും എന്നതിൽ അധികൃതർക്കും കൃത്യമായ ഉത്തരമില്ല.